1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാവിലെ 8.50 ഓടെ സഭയിലെത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലനും ചേർന്ന് സ്വീകരിച്ചു. സഭാഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിടെ വാച്ച് ആന്റ് വാർഡ് ഒരുക്കിയ സംരക്ഷണ വലയിൽ ഗവർണർ ഡയസിലെത്തി നയപ്രഖ്യാപനം ആരംഭിച്ചു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭാഗം ഗവര്‍ണര്‍ വായിക്കുമോ എന്ന പിരിമുറുക്കം ഭരണബഞ്ചിൽ ഉണ്ടായിരുന്നു. ഒടുവിൽ പൗരത്വ നിയമത്തിനെതിരായ കാര്യങ്ങൾ പരാമര്‍ശിക്കുന്ന 18ആം പാരഗ്രാഫിൽ എത്തി. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്ന് ആ ഭാഗം വായിക്കേണ്ടി വന്നതിന്റെ നീരസം ഗവര്‍ണര്‍ മറച്ചുവെച്ചില്ല.

ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറുടെ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞത് ആശയക്കുഴപ്പത്തിനും ബഹളത്തിനും വഴിതുറന്നു. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.