1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ 23 ഉത്പന്നങ്ങളുടെ വിലയും കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ല്‍ നിന്നും 12ഉം അഞ്ചും ശതമാനമായി കുറയും.

ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി. ഇതോടെ രാജ്യത്ത് ഇനി 28 ശതമാനം ജിഎസ്ടിയുള്ളത് 28 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ഇതിലേറെയും ആഡംബര ഉത്പന്നങ്ങളുമാണ്. സാധാരണക്കാര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ നികുതി കുറച്ചെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്!ലി അഭിപ്രായപ്പെട്ടു.

32 ഇഞ്ച് ടെലിവിഷന്‍, വിഡിയോ ഗെയിംസ്, പവര്‍ ബാങ്ക് എന്നിവയടക്കം ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ആക്കി കുറച്ചു. സിമന്റിന്റെയും വാഹനങ്ങളുടെയും നികുതി 28 ശതമാനമായി തുടരും. വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കും ജിഎസ്ടി കുറച്ചില്ല. ഭിന്നശേഷിയുള്ളവര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി അഞ്ച് ശതമാനമാക്കി. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

100 രൂപവരെയുള്ള സിനിമാ ടിക്കറ്റിന് 18 ശതമാനത്തില്‍ നിന്ന് 12 ആക്കി കുറച്ചു. 100 രൂപക്ക് മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ല്‍ നിന്ന് 18 ആക്കിയും കുറച്ചു. കൂടാതെ ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റിന് അഞ്ച് ശതമനവും ബിസിനസ് ക്ലാസിന് 12 ശതമാനവും ആക്കിയതാണ് കൂടുതല്‍ ആകര്‍ഷണം. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ജിഎസ്ടിയെ സംബന്ധിച്ച് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.