1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

സ്വന്തം ലേഖകന്‍: രാജ്സ്ഥാനിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; തോല്‍വി പഠിക്കാന്‍ ബിജെപി; മധ്യപ്രദേശില്‍ കമല്‍നാഥിന് സാധ്യത; തെലങ്കാനയില്‍ ചന്ദ്രശേഖര റാവു ഇന്ന് അധികാരമേല്‍ക്കും. മൂന്നു സംസ്ഥാനങ്ങളിലെയും അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസിന് മുന്നില്‍ ഇനിയുള്ളത് മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്ന് വലിയ കടമ്പ. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥും പാര്‍ട്ടി അധ്യക്ഷന്‍ ജോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് സിന്ധ്യ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനസ്സു തുറന്നില്ലെങ്കിലും കമല്‍നാഥും മുഖ്യമന്ത്രിയാകാന്‍ തയാറാണ്. സര്‍ക്കാരിനായി അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ട സംഘത്തിനൊപ്പവും ഇരുവരുമുണ്ടായിരുന്നു. രാജസ്ഥാനിലെ സ്ഥിതിയും വ്യത്യസ്തമല്ല. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമാണ് ഇവിടെ മല്‍സര രംഗത്തുള്ളത്.

പ്രചാരണത്തിനിടയില്‍ തന്നെ മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും സച്ചിന്‍ പൈലറ്റിനാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും എംഎല്‍എമാരും പറയുന്നതിന് അനുസരിച്ചു തീരുമാനമെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
മുതിര്‍ന്ന നേതാവെന്ന നിലയിലും എംഎല്‍എമാര്‍ക്കിടയിലെ സ്വാധീനവും കണക്കിലെടുത്ത് ഗെലോട്ടിനു നറുക്കു വീണേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂറുമാറ്റം തടയുന്നതിന് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം എല്ലാ എംഎല്‍എമാരും ഇന്നലെ വൈകിട്ടു തന്നെ ജയ്പുരിലെത്തിയിട്ടുണ്ട്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെല്‍ എന്നിവര്‍ തമ്മിലാണു മല്‍സരം.

മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു ഫലം പുറത്തുവന്നതിനു പിന്നാലെ ബാഗെല്‍ പ്രതികരിച്ചു. ഇതോടെ മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ അവസാന വാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.