1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2024

സ്വന്തം ലേഖകൻ: സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി. ബ്രിട്ടീഷ്‌ ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ദിസ് മൊമന്റ്’ യാഥാര്‍ഥ്യമാക്കിയത്.

സംഗീത സംവിധായകനും ഗ്രാമി പുരസ്‌കാര ജേതാവുമായ റിക്കി കെജാണ് ഈ സന്തോഷവാര്‍ത്ത ആദ്യം പങ്കുവെച്ചത്. ഇന്ത്യ എല്ലാ തരത്തിലും തിളങ്ങുന്നതില്‍ അഭിമാനമുണ്ടെന്നും നാല് പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും റിക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പുരസ്‌കാരം സ്വീകരിച്ച ശങ്കര്‍ മഹാദേവന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ‘ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഇന്ത്യയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’-ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. 66-ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം ലോസ് ആഞ്ജലിസിലാണ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-നാണ് ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം പുറത്തിറങ്ങിയത്. എട്ടു ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1973-ല്‍ ജോണ്‍ മക്ലാഫിനും സക്കീര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍ ശങ്കറും താളവാദ്യ വിദഗ്ദ്ധന്‍ വിക്കു വിനായക്‌റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നല്‍കിയത്. പിന്നീട് 2020-ല്‍ മക്ലാഫിന്‍ ശങ്കര്‍ മഹാദേവനേയും വിക്കു വിനായക്‌റാമിന്റെ മകനായ സെല്‍വഗണേഷിനേയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനേയും ഉള്‍പ്പെടുത്തി മക്ലാഫിന്‍ ബാന്‍ഡ് പരിഷ്‌കരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.