
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി മുന്നേറുന്നു. വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും അധികൃതർ മുന്ന റിയിപ്പ് നൽകി.
അതേസമയം ഡെൽറ്റ വേരിയന്റിലെ വ്യാപനം പിടിച്ചു നിർത്താൻ ഗ്രേറ്റർ മാഞ്ചസ്റ്ററിനും ലങ്കാഷെയറിന്റെ ചില ഭാഗങ്ങൾക്കും അധിക സഹായം നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും വർദ്ധിപ്പിക്കുന്നതിന് പ്രദേശങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ആവശ്യമായ പ്രദേശങ്ങളിൽ സൈനിക പിന്തുണയും ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ഇതിൽ ഉൾപ്പെടും. സർക്കാർ മാർഗ്ഗനിർദ്ദേശത്തിന്റെ ഭാഗമായി, ആഴ്ചയിൽ രണ്ടുതവണ കോവിഡ് പരിശോധന നടത്താനും സാധ്യമെങ്കിൽ വീട്ടിലിരുന്നുള്ള ജോലി തുടരാനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കും.
ഗ്രേറ്റർ മാഞ്ചസ്റ്ററും ലങ്കാഷെയറിന്റെ ചില ഭാഗങ്ങളും ലോകാരോഗ്യ സംഘടനയുടെ ഡെൽറ്റ വേരിയന്റ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് വകഭേദം അതിവേഗം വ്യാപിക്കുന്ന ഹോട്ട്സ്പോട്ടുകളായി മാറിയതായി കണക്കുകൾ കാണിക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡയറക്ടർമാർ നിർദ്ദേശിച്ചാൽ സ്‌കൂളുകളിൽ കമ്യൂണൽ ഏരിയകളിൽ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയേക്കും.
മാഞ്ചസ്റ്ററിലും ലങ്കാഷെയറിലുമുള്ള അതിവ്യാപനം നേരിടാനുള്ള ഏറ്റവും നല്ല വഴി സർക്കാർ നിർദ്ദേശങ്ങൾ കൃതമായി പാലിക്കുകയാണെന്ന് ഹാൻകോക് വ്യക്തമാക്കി. ഈ പ്രദേശങ്ങളിലെ ആളുകൾ മറ്റെല്ലായിടത്തും പോലെ മുന്നോട്ട് വന്ന് വാക്സിൻ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധിയെ നേരിടാനുള്ള ഏക പോംവഴി ഇതാണെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല