1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

സ്വന്തം ലേഖകന്‍: ഐ.എം.എഫിന് കൊടുക്കാനുള്ള കടത്തിന്റെ അവസാന തിയ്യതിയും കഴിഞ്ഞതോടെ ഗ്രീസിന്റെ കാര്യത്തില്‍ തീരുമാനമായ മട്ടാണ്. ഇതോടെ ഗ്രീസ് പണമടക്കാനുള്ള മുന്നോക്ക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായതായി ഐ.എം.എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ സോണില്‍ നിന്നും പുറത്താകുമെന്നുറപ്പായ ഗ്രീസ് യൂണിയന് അവസാന സഹായത്തിനായി കത്തയച്ചു.

കത്തില്‍ യൂറോ സോണ്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. ജൂലായ് ആറുവരെ ബാങ്കുകള്‍ അടച്ചിട്ട സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1.6 ബില്ല്യന്‍ യൂറോയാണ് ഗ്രീസ് ഇന്റര്‍ നാഷണല്‍ മോനിറ്ററി ഫണ്ടില്‍ അടക്കേണ്ടത്. ഇതിനുള്ള അവസാന ദിനമായിരുന്നു ഇന്നലെ.

പണമടവ് മുടങ്ങിയതോടെ രാജ്യം ഐ.എം.എഫിന് കടബാധ്യതയുള്ള വികസിത രാജ്യങ്ങളില്‍ ഒന്നാമതായി. ഇനി പണമിടപാട് പൂര്‍ത്തിയാക്കിയാലേ ഗ്രീസിന് ഐ.എം.എഫില്‍ നിന്നും കടമെടുക്കാനാകൂ. പണമടക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ആവശ്യം ഐ.എം.എഫ് തള്ളുകയും ചെയ്തു.

എന്നാല്‍ ഗ്രീസിനു മുമ്പിലെ വലിയ പ്രശ്‌നം പണം അടക്കാതിരുന്നാല്‍ യൂറോ സോണില്‍ നിന്നും രാജ്യം പുറത്താകും എന്നതാണ്. ഈ സാഹചര്യത്തിലാണ് പണമടക്കേണ്ട അവസാന സമയത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് രണ്ട് വര്‍ഷത്തേക്ക് സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്.

യൂറോസോണ്‍ രാജ്യങ്ങള്‍ ടെലി കോണ്‍ഫറന്‍സ് വഴി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. 323 മില്ല്യന്‍ യൂറോ ആണ് ഗ്രീസിന്റെ പൊതു കടം. ഇതില്‍ 60 ശതമാനം യൂറോ സോണിനും 10 ശതമാനം ഐ.എം.എഫിനും 6 ശതമാനം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും മൂന്ന് ശതമാനം ഗ്രീക്ക് ബാങ്കുകള്‍ക്കും നല്‍കാനുള്ളതാണ്.

സാമ്പത്തിക സഹായ അഭ്യര്‍ഥനയില്‍ യൂറോ സോണ്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. തീരുമാനം പ്രതികൂലമായാല്‍ യൂറോ സോണില്‍ നിന്ന് ഗ്രീസ് പുറത്ത് പോവുകയും അരക്ഷിതാവസ്ഥയില്‍ ആവുകയും ചെയ്യും. ഗ്രീസിന് കടത്തില്‍ നിന്ന് കരകയറാന്‍ കടുത്ത നികുതികള്‍ ചുമത്തുന്നതടക്കമുള്ള ശുപാര്‍ശകള്‍ യൂറോ സോണ്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ അടിയന്തര തീരുമാനം വേണ്ട കാര്യത്തില്‍ ഗ്രീസ് ജനഹിത പരിശോധനക്ക് മുതിര്‍ന്നത് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചിരുന്നു.

ഇതോടെ ഗ്രീസ് യൂറോസോണില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന ജൂലൈ അഞ്ചിലെ ഹിതപരിശോധനയിലാണ് യൂറോപ്പിന്റെ മുഴുവന്‍ ശ്രദ്ധയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.