1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2015

സ്വന്തം ലേഖകന്‍: ഗ്രീക്ക് കടക്കെണി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേരാനിരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഉപേക്ഷിച്ചു.
യൂറോപ്യന്‍ യൂനിയന്റെ 28 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന പൂര്‍ണ ഉച്ചകോടി വിളിച്ചു ചേര്‍ക്കാനുള്ള നീക്കമാണ് താത്കാലികമായി മാറ്റിവച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് ഗ്രീസിനും അവരുമായി ചര്‍ച്ച നടത്തുന്ന യൂറോസോണ്‍ ധനകാര്യ മന്ത്രിമാര്‍ക്കും സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് ഉച്ചകോടി റദ്ദാക്കിയത്.

യൂറോസോണിലെ 19 മന്ത്രിമാരുടെ കൂടിക്കാഴ്ച തുടരുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പാപ്പരാകുന്നറത് ഒഴിവാക്കുന്നതിനും 2018 വരെ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട കടം വീട്ടുന്നതിനുമായി 5900 കോടി ഡോളറിന്റെ രക്ഷാപാക്കേജ് ലഭിക്കാനുള്ള വിട്ടുവീഴ്ചകള്‍ക്ക് ഗ്രീക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. ഇത് നേരത്തെ നടത്തിയ ഹിതപരിശോധനാ ഫലത്തിന് വിപരീതമാണ്.

പുതിയ ഗ്രീക്ക് രേഖയില്‍ ഷിപ്പിംഗ് കമ്പനികളുടെ നികുതി കൂട്ടുമെന്ന് വ്യക്തമാക്കുന്നുണ്ട്. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കും. 2016ഓടെ പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോയുടെ കുറവ് വരുത്തും, ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കും, തുറമുഖങ്ങളുടെ സ്വകാര്യവത്കരണം ശക്തമാക്കും, നികുതി അവധികള്‍ പൂര്‍ണമായി പിന്‍വലിക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ ഉള്ളത്.

എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് ഇടത് ആഭിമുഖ്യമുള്ള ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ഏറെ പിറകോട്ട് പോയിട്ടും ഇ യു നേതൃത്വത്തിന്റെ അവിശ്വാസം മാറിയിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ജര്‍മനിയാണ് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഈ എതിര്‍പ്പ് തുടരുകയും ഒരു ധാരണയില്‍ എത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഗ്രീസ് യൂറോസോണില്‍ നിന്ന് പുറത്ത് കടക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വിശാല ഉച്ചകോടി റദ്ദാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.