സ്വന്തം ലേഖകന്‍: പുതിയ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിലും കടക്കെണിയില്‍ പെട്ടു നട്ടം തിരിയുകയാണ് ഗ്രീസ്. രാജ്യത്തിന് അടുത്ത തവണ ഐഎംഎഫിലേക്ക് അടക്കേണ്ട തുക അടക്കാനാവില്ലെന്ന് ഉറപ്പായി. രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളത്തിനു മാത്രമേ പണം തികയൂ എന്നാതാണ് അവസ്ഥ.
ആഭ്യന്തര മന്ത്രി നികോസ് വൌട്‌സിസാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുറച്ചു വര്‍ഷങ്ങളായി ഗ്രീസ്. ഈ സാഹചര്യത്തില്‍ പല തവണയായി ഇന്റര്‍ നാഷണല്‍ മോനിറ്ററി ഫണ്ടില്‍ നിന്നും പണം കടമെടുത്തിരുന്നു. ഓരോ മാസവും തവണകളായി തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് തുകയെടുത്തത്.
കടം പെരുകി 1.8 ബില്ല്യണ്‍ ഡോളറാണിപ്പോള്‍ ഒരു മാസം അടക്കേണ്‍റ്റ തുക. എന്നാല്‍ അടുത്ത മാസം ഈ തുക അടക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി തീര്‍ത്തു പറയുന്നു. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശമ്പളം, പെന്‍ഷന്‍, ദൈനം ദിന ചെലവുകള്‍ എന്നിവക്കുള്ള തുക മാത്രമേ ഗ്രീസിന്റെ കയ്യിലുള്ളൂ. ഈ തുക കൊണ്ട് മാസത്തവണ തീര്‍ത്താല്‍ രാജ്യം പ്രതിസന്ധിയിലാകും. ജൂണ്‍ അഞ്ചിനാണ് തുക അടക്കേണ്ടത്. തുക അടക്കാതിരുന്നാല്‍ അത് ഗ്രീസിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കും.
വായ്പ തിരിച്ചടവ് മുടക്കുന്നത് ഐഎംഎഫില്‍ നിന്ന് ഭാവിയില്‍ ലഭിക്കാനിടയുള്ള ധനസഹായത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണിത്. പുതിയ സര്‍ക്കാരിന്റെ കീഴിലും രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതിസന്ധിയെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല