1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2016

സ്വന്തം ലേഖകന്‍: ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍. രാജ്യമൊട്ടാകെ ഏകീകൃത നികുതിഘടന ലക്ഷ്യമിടുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി.) രാജ്യസഭയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളില്‍ പലതും അംഗീകരിച്ചും തള്ളിയുമാണ് ഒടുവില്‍ ബില്‍ പാസാക്കിയത്.
ലോക്‌സഭ കഴിഞ്ഞ വര്‍ഷം മെയ് ആറിന് ബില്‍ പാസാക്കിയിരുന്നു.

ഭേദഗതി പ്രാബല്യത്തില്‍വന്ന് 60 ദിവസത്തിനകം ജിഎസ്ടി കൗണ്‍സില്‍ രൂപവത്കരിക്കണമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗണ്‍സിലില്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ അംഗങ്ങളാകും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉത്പാദക സംസ്ഥാനങ്ങള്‍ക്കായി ഒരു ശതമാനം അധിക നികുതി ഈടാക്കില്ല.

ജിഎസ്ടിയിലേയ്ക്കുമാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ച് വര്‍ഷത്തേയ്ക്ക് കേന്ദ്രം നല്‍കും. ജിഎസ്ടി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ കൗണ്‍സിലില്‍ സംവിധാനമുണ്ടാക്കും.ജിഎസ്ടിയില്‍ ചുമത്താവുന്ന പരമാവധി നികുതി 18 ശതമാനമാണെന്ന് വ്യക്തമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

നികുതി പരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഇതുവരെ ധാരണയുമായിട്ടില്ല. നികുതി പരിധി, നികുതി വരുമാനം പങ്കുവെയ്ക്കല്‍ തുടങ്ങിയവ പിന്നീട് ബില്ലില്‍ വ്യക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായാണ് ജിഎസ്ടി ബില്‍ കരുതപ്പെടുന്നത്.

ഇതോടെ 15 ഓളം കേന്ദ്ര, സംസ്ഥാന നികുതികള്‍ ജി.എസ്.ടി.യില്‍ ലയിക്കും, സാധനവിലയും നികുതിഭാരവും കുറയ്ക്കുമെന്ന് പ്രതീക്ഷക്കപ്പെടുന്ന ഈ സംവിധാനം ചരക്കു ഗതാഗത കമ്പനികള്‍ക്ക് വന്‍ നേട്ടമാകും. ഒരേ ഉത്പന്നങ്ങള്‍ക്ക് ഒന്നിലധികം നികുതി വേണ്ട എന്നതിനാല്‍ സംസ്ഥാനാന്തര നികുതികള്‍ ഒഴിവാകുന്നതോടെ ഉത്പന്നങ്ങള്‍ക്ക് വില കുറയും. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന നികുതിവിഹിതവും ലഭിക്കും.

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയുള്ള നികുതി ചോര്‍ച്ച ഒഴിവാക്കാനാകും. ഒപ്പം നികുതിക്കുമേലുള്ള നികുതികള്‍ ഒഴിവാകുന്നതോടെ സര്‍ക്കാര്‍ വരുമാനം കൂടുകയും നികുതി വെട്ടിപ്പ് ഒഴിവാകുകയും ചെയ്യും. ഉത്പന്നങ്ങളുടെ വിതരണ മേഖല കണക്കാക്കി നികുതി നിശ്ചയിക്കുന്ന രീതിയാണ് ജി.എസ്.ടി.യില്‍ സ്വീകരിച്ചിരിക്കുന്നത്. നിര്‍മാണം എവിടയോ അതായിരുന്നു നികുതിക്ക് അടിസ്ഥാനമായി നിലവില്‍ കണക്കാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.