സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിര്‍ത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍. റിപ്പോട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അമേരിക്കന്‍ വക്താവ് പ്രതികരിച്ചു. തീര്‍ത്തും തെറ്റായ റിപ്പോര്‍ട്ടാണിതെന്നും ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് തള്ളിയത്. പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഇരുപതോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാകിസ്താന്റെ പക്കല്‍ നിന്ന് ലഭിച്ച തെളിവുകളുടേയും ഇന്ത്യയിലേയും പാകിസ്താനിലേയും അതിര്‍ത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചത്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദില്‍ നിന്നും റഷ്യയുടെ കെ.ജി.ബി.യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയും ഇത്തരത്തില്‍ ഒരു നീക്കം നടത്തിയതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല