1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2018

സ്വന്തം ലേഖകന്‍: യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍. ജറുസലമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഗ്വാട്ടിമാലയുടെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ല്‍സ് പങ്കെടുത്തു.

ടെല്‍ അവീവില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസി യുഎസ് തിങ്കളാഴ്ചയാണു ജറുസലമിലേക്കു മാറ്റിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പാരഗ്വായും ടെല്‍ അവീവിലുള്ള എംബസി ജറുസലമിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയെ നെതന്യാഹു മുക്തകണ്ഠം പ്രശംസിച്ചു.

ഇതിനിടെ, യുഎസ് എംബസി ജറുസലമിലേക്കു മാറ്റിയതിന്റെ ആഘോഷത്തില്‍ പങ്കെടുത്ത റുമേനിയ, ഹംഗറി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പലസ്തീന്‍ തിരികെ വിളിച്ചു. ഇസ്രയേല്‍–പലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗും ഇന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ ആവശ്യപ്രകാരമാണിത്. ഗാസ–ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ യോഗം അപലപിക്കും. ഗാസയിലെ കൂട്ടക്കൊലയെ ഫ്രാന്‍സിസ് മാര്‍പാപ്പയും അപലപിച്ചു. നീതി, സമാധാനം എന്നിവയാണു പശ്ചിമേഷ്യയുടെ ഇന്നത്തെ ആവശ്യമെന്നു മാര്‍പാപ്പ വത്തിക്കാന്‍ സിറ്റിയില്‍ അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 60 പലസ്തീനികള്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.