1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2022

സ്വന്തം ലേഖകൻ: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.

182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. 2017ൽ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജ‍ഡേജ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു.

തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും എഎപിയും പോരാടിയ തിരഞ്ഞെടുപ്പിൽ 136 ജീവൻ പൊലിഞ്ഞ മോർബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കർഷക പ്രതിഷേധം എന്നിവയുൾപ്പെടെ ചർച്ചയായി.

2021 ലെ സൂറത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായതിന്റെ ആത്മവിശ്വാസത്തിലുള്ള എഎപി 180 സീറ്റുകളില്‍ മത്സരിക്കുന്നു. ബിജെപി 182 സീറ്റുകളിലും എൻസിപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോൺഗ്രസ് 179 സീറ്റുകളിലും മത്സരിക്കുന്നു. എൻസിപിയുടെ 2 സ്ഥാനാർഥികളും ജനവിധി തേടുന്നു.

സംസ്ഥാനത്ത് ആദ്യമായി അക്കൌണ്ട് തുറക്കാന്‍ എ എ പിക്ക് സാധിച്ചു. 5 സീറ്റുകളില്‍ വരെയാണ് എ എ പി ഇപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത്.12.8 ശതമാനം വോട്ടുകളും ആദ്യ അങ്കത്തില്‍ സംസ്ഥാനത്ത് എ എ പിക്ക് നേടാന്‍ സാധിച്ചു. ഇതോടെ ദേശീയ പാർട്ടിയെന്ന പദവിയിലേക്ക് എ എ പികൂടി എത്തുമെന്ന കാര്യം ഉറപ്പായി. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കില്‍ ഗുജറാത്തില്‍ 6% വോട്ട് വിഹിതവും കുറഞ്ഞത് രണ്ട് സീറ്റും നേടേണ്ടതുണ്ടായിരുന്നു. നിലവിലിലെ സാഹചര്യത്തില്‍ ഇത് അവർക്ക് നേടാനാവുമെന്ന കാര്യം ഏറേക്കുറെ ഉറപ്പാണ്.

ഗുജറാത്തിലെ വോട്ടുകൾ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ ഇതിനോടകം അവകാശപ്പെട്ടു കഴിഞ്ഞു. “ആദ്യമായി, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന് രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ”, 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ സിസോദിയ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.