1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 89 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സൗത്ത് ഗുജറാത്ത്, കച്ച്സൗരാഷ്ട്ര മേഖലകളിലായാണ് ഈ മണ്ഡലങ്ങൾ. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം ഡിസംബർ 5നു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഉച്ചയ്ക്ക് ഒരു മണിവരെ 34.48 ശതമാനം പോളിങ് രേഖപ്പെടുത്തി.

അതിനിടെ, സൗരാഷ്ട്രയിലെ 50 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 788 സ്ഥാനാർഥികളാണു രംഗത്തുള്ളത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്‌വി മത്സരിക്കുന്ന ഖംബാലിയയാണു ശ്രദ്ധേയമായ മണ്ഡലം.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജ‍ഡേജ ബിജെപിക്കായി ജനവിധി തേടുന്ന ജാംനഗറിലും ഇന്നാണ് പോളിങ്. 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും ഇന്നാണ് വോട്ടെടുപ്പ്. പ്രതിപക്ഷമായ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര–കച്ച് മേഖല ആദ്യഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തുന്നത്.

48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജീവന്‍മരണ പോരാട്ടമാണ്. 2017ല്‍ സൗരാഷ്ട്ര–കച്ച് മേഖലയില്‍ കോണ്‍ഗ്രസ് 30 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 23 സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് 7710 കോടി രൂപയുടെ വികസന പദ്ധതികളാണ് സൗരാഷ്ട്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാര്‍ട്ടി പരാജയപ്പെട്ട മേഖലകളിൽ‍ ഇത്തവണ പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.

പട്ടേല്‍ സമുദായത്തിന്‍റെയും പിന്നാക്കവിഭാഗങ്ങളുടെയും ശക്തികേന്ദ്രമായ സൗരാഷ്ട്രയില്‍, പട്ടേല്‍ പ്രക്ഷേഭമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയായത്. എന്നാല്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേൽ അടക്കം ഇത്തവണ ബിജെപിക്ക് ഒപ്പമാണ്. എന്നാൽ, സൗരാഷ്ട്രയിലെ സ്വാധീനം കൈവിട്ടിട്ടില്ല എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ വിമതരായി മത്സരിക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നു. സൗജന്യ വാഗ്ദാനങ്ങളുമായി ആദിവാസി മേഖലകളിലടക്കം കടന്നുകയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.