1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗള്‍ഫ് നാടുകളില്‍ ശക്തമായ മണല്‍ക്കാറ്റ് ആഞ്ഞുവീശുകയാണ്. ഇത് പല ഇടങ്ങളിലും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതി. കാഴ്ചാപരിധി കുറഞ്ഞതു കാരണം വാഹനം ഓടിക്കാന്‍ സാധിക്കാത്ത അവസ്ഥ. വേഗത കുറച്ച് പോവാനാണ് ഡ്രൈവര്‍മാര്‍ക്ക് പോലിസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വീശിയടിക്കുന്ന പൊടിക്കാറ്റ് പല രാജ്യങ്ങളിലും വ്യോമയാന ഗതാഗതത്തെ സാരമായി ബാധിച്ചു. പുറംതൊഴില്‍ ചെയ്യുന്ന ആളുകളോട് തല്‍ക്കാലം പുറത്തിറങ്ങേണ്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പല ഗള്‍ഫ് രാജ്യങ്ങളും. പല ഇടങ്ങളിലും ആളുകള്‍ക്ക് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തം.

പുതുതായി രൂപം കൊണ്ട വടുക്കുപടിഞ്ഞാറന്‍ കാറ്റാണ് ഇത്തരമൊരു മണല്‍ക്കാറ്റിന് കാരണമായതെന്നാണ് യുഎഇയിലെ നാഷനല്‍ സെന്റര്‍ ഓഫ് മെറ്റിയറോളജി അധികൃതര്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചു വീശുന്ന കാറ്റ് വ്യാഴാഴ്ച ഉച്ച വരെ അറേബ്യന്‍ കടലിടുക്കില്‍ ആറു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യുഎഇയില്‍ എത്തുന്ന മണല്‍ക്കാറ്റുകള്‍ പലപ്പോഴും കുവൈത്തില്‍ നിന്നും ഇറാഖില്‍ നിന്നും ഉദ്ഭവിക്കുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കാറ്റിന്റെ ശക്തിക്കനുസരിച്ച് മണല്‍ക്കാറ്റിന്റെ ശക്തിയും കൂടും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെയാണെങ്കില്‍ 50 അടി വരെ ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ചില സാഹചര്യങ്ങളില്‍ 100 കിലോമീറ്റര്‍ വരെ വ്യാപിക്കുന്ന രീതിയില്‍ അത് ശക്തിയാര്‍ജ്ജിച്ചേക്കാം. കിലോമീറ്ററുകളോളം ഉയരത്തിലും മണല്‍ത്തരികളുമായി കാറ്റ് സഞ്ചരിച്ചെന്നും വന്നേക്കാം. സാധാരണ ഗതിയില്‍ 0.08 മില്ലിമീറ്ററിനും ഒരു മില്ലിമീറ്ററിനും ഇടയില്‍ വലിപ്പമുള്ള മണല്‍ത്തരികളെയാണ് കാറ്റ് ഉയര്‍ത്തിക്കൊണ്ടുപോവുക.

മരുഭൂമിയില്‍ ശക്തമായ കാറ്റ് വീശിയടിക്കുമ്പോഴാണ് മണല്‍ക്കാറ്റും ഉടലെടുക്കുന്നത്. കാറ്റിന് വേഗതയും ശക്തിയും കൂടുന്നതോടെ മണല്‍പ്പരപ്പിന്റെ മുകള്‍ ഭാഗത്തുള്ള മണലിനെ കൂടി അത് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നു. ഇതാണ് മണല്‍ക്കാറ്റിന് കാരണമാകുന്നത്. ഇങ്ങനെ കാറ്റ് വായുവിലേക്ക് ഉയര്‍ത്തുന്ന മണല്‍ ചില ഘട്ടങ്ങളില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ വരെ സഞ്ചരിക്കാറുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മരുഭൂമിയിലും വരണ്ട പ്രദേശങ്ങളിലുമാണ് ഇത്തരം പൊടിക്കാറ്റുകള്‍ കൂടുതലായി ഉണ്ടാവുക; തരിമണല്‍ ധാരാളമായി ഉണ്ടാവുന്ന ചൂട് കാലത്ത് പ്രത്യേകിച്ചും.

1935 ഏപ്രില്‍ 14ന് അമേരിക്കയിലുണ്ടായ മണല്‍ക്കാറ്റ് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ മണല്‍ക്കാറ്റെന്നാണ് ചരിത്രം. ആയിരക്കണക്കിന് മൈല്‍ ദൂരത്തിലായിരുന്നു മധ്യ അമേരിക്കന്‍ സമതലത്തില്‍ അന്തരീക്ഷത്തെയാകെ കറുത്ത നിറമാക്കിക്കൊണ്ടുള്ള മണല്‍ക്കാറ്റ് അടിച്ചു വീശിയത്. ലോകം അവസാനിക്കുകയാണെന്നായിരുന്നു അന്ന് പലരും കരുതിയതെന്നും ചരിത്രം രേഖപ്പെടുത്തുന്നു. കറുത്ത ഞായറാഴ്ചയെന്നാണ് ആ ദിവസം പിന്നീട് അറിയപ്പെട്ടത്.

മണല്‍ക്കാറ്റ് മൂലമുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തം അത് കാഴ്ച മറയ്ക്കുന്നത് കാരണം ഉണ്ടാവുന്ന റോഡ് അപകടങ്ങളാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാവാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊടിക്കാറ്റില്‍ ദുബായില്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ എത്തിയവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മണല്‍ക്കാറ്റ് കൊണ്ടുവരുന്ന നേര്‍ത്ത മണല്‍ത്തരികള്‍ നമ്മുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നതാണ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവരിലാണ് ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് അനുഭവം. വലിയ പൊടിപടലങ്ങള്‍ കണ്ണില്‍ പതിക്കുന്നതും വലിയ പ്രശ്നമാവാറുണ്ട്.

കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളെ മണല്‍ക്കാറ്റ് വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇവര്‍ക്ക് ശക്തമായ മുന്‍കരുതലുകള്‍ ആവശ്യമായി വരും. പരമാവധി വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ നോക്കുക എന്നതാണ് പ്രതിരോധ നടപടികളില്‍ ഏറ്റവും പ്രധാനം. പ്രത്യേകിച്ച് നേരത്തെ പറഞ്ഞ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍.

വീടുകളുടെ ജനലുകളും വാതിലുകളും നല്ല രീതിയില്‍ അടച്ചുവയ്ക്കണം. ഏസി മുറികളില്‍ ഇരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങേണ്ടിവരികയാണെങ്കില്‍ മാസ്‌ക്ക് ധരിക്കാന്‍ ശ്രദ്ധിക്കണം. കണ്ണില്‍ പൊടി കയറാതിരിക്കാന്‍ ഗോഗിള്‍സ് ധരിക്കുന്നതും നല്ലതാണ്. ആസ്ത്മ രോഗമുള്ളവരാണെങ്കില്‍ ഇന്‍ഹെയിലര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ കരുതുന്നതും നന്നാവുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

പൊടിക്കാറ്റ് കാരണം ശക്തമായ ചുമയോ, ശ്വാസ തടസ്സമോ, നെഞ്ചു വേദനയോ മറ്റ് അസ്വസ്ഥതകളോ പ്രകടമാവുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. ശ്വാസകോശത്തിലും മറ്റും കയറുന്ന മണല്‍ത്തരികള്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.