1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2020

സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് എല്ലാ രാഷ്ട്രങ്ങളെയും മുന്‍നിര്‍ത്തി പരിഹാരം കാണുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. വിഷയത്തില്‍ ഉടന്‍ തന്നെ അന്തിമ ധാരണിയിലെത്തുമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖത്തറിനെതിരെ തുടരുന്ന ഉപരോധം പരിഹാര സാധ്യത ഇല്ലാതെ തുടരുകയായിരുന്നെങ്കിലും വിഷയത്തില്‍ നിര്‍ണായക വഴിത്തിരിവ് അനിവാര്യമാണെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.വിഷയത്തില്‍ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഉടന്‍ അന്തിമ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഹിതകരമായ ഒരു തീരുമാനത്തിലെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഖത്തറുമായുള്‍പ്പെടെ തുടരുന്ന നയതന്ത്ര പ്രതിസന്ധിയില്‍ ഉടന്‍ ധാരണയിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

നേരത്തെ സൗദി ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ നീക്കം ആരംഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കരാര്‍ അന്തിമ ഘട്ടത്തിലാണ് എന്ന സൗദി വിദേശകാര്യമന്ത്രിയുടെ പ്രസ്താവന ഈ രാജ്യങ്ങളുമായി ഖത്തര്‍ വിഷയത്തില്‍ ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്നതാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം സൗദി അറേബ്യ നീക്കാനൊരുങ്ങിയത്. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തിയപ്പോള്‍ റിയാദ് വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് കടന്നിരുന്നു.

ഈ ഘട്ടത്തില്‍ സൗദി അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ജമാല്‍ കഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകള്‍ സൗദി അറേബ്യയ്ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്തരത്തിലായിരിക്കും ബൈഡന്‍ റിയാദുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത് ചര്‍ച്ചയായിരുന്നു.

തീരുമാനത്തിന് പിന്നാലെ ഇത് ബൈഡനുള്ള സമ്മാനമാണെന്നാണ് സൗദി അറേബ്യുയുടെ ഉപദേശകര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിന് ശേഷം സൗദി രാജകുമാരന്‍ ഖത്തറുമായുള്ള നയതന്ത്ര സംഘര്‍ഷത്തില്‍ അയയാന്‍ തീരുമാനിക്കുകയായിരുന്നു.

2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ദോഹ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സ്പോണ്‍സര്‍ ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

തര്‍ക്കം ഇറാനെതിരെ സൃഷ്ടിച്ച അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്ക പങ്കുവെച്ചിരുന്നു. തര്‍ക്കത്തില്‍ നിന്നും ടെഹ്റാന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു അമേരിക്കയുടെ ആശങ്ക. 2017 മെയ് 20നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തുന്നത്. സൗദി അറേബ്യയോടും, യു.എ.ഇയോടും ഖത്തറിന്റെ വിമാന സര്‍വ്വീസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.