1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നു സൌദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ 3.30ന് എത്തിച്ചേരും.

ഒന്നര മണിക്കൂർ ആണു യാത്രാ സമയം. ഖത്തർ എയർവേയ്‌സിന്റെ ദോഹ-റിയാദ്, ദോഹ-ദമാം സർവീസുകൾ ദിവസേനയും ദോഹ-ജിദ്ദ ആഴ്ചയിൽ 4 ദിവസവും സർവീസ് നടത്തും. സൌദിയിലെ വ്യാപാര, കാർഗോ പങ്കാളികളുമായി ശക്തമായ ബന്ധം പുലർത്താനാണ് ഖത്തർ എയർവേയ്‌സ് ലക്ഷ്യമിടുന്നത്. നിലവിൽ ആഗോള തലത്തിൽ 110 നഗരങ്ങളിലേക്ക് എണ്ണൂറിലധികം പ്രതിവാര സർവീസുകളാണ് ഖത്തർ എയർവേയ്‌സിനുള്ളത് എന്നതിനാൽ സൌദിയിലെ യാത്രക്കാർക്ക് കൂടുതൽ നഗരങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.

അയൽ രാജ്യങ്ങളിൽ ഖത്തർ എയർവേയ്‌സിന്റെ ഓഫിസുകളിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരോട് ഖത്തർ എയർവേയ്‌സുമായി ബന്ധപ്പെടാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. സൌദി വിമാനകമ്പനിയായ സൌദിയയുടെ ഖത്തറിലേക്കുള്ള ആദ്യ യാത്രാ വിമാനവും ഇന്നെത്തും. സൌദി പ്രാദേശിക സമയം 4.40ന് റിയാദിൽ നിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05ന് ദോഹയിലെത്തും.

സൌദിയയുടെ റിയാദ്-ദോഹ സർവീസുകൾ ആഴ്ചയിൽ നാലും ജിദ്ദ-ദോഹ മൂന്നു തവണയുമായിരിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ സജീവമാകുന്നതോടെ പ്രവാസി മലയാളികൾക്കും വ്യക്തിഗത, കുടുംബ, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.