1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2021

സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ (എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാന്‍ സാധ്യത കുറവുള്ളതോ അല്ലെങ്കില്‍ താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യത കുറവാണെന്നും എന്‍.എച്ച്.സി. അറിയിച്ചു. രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ആശുപത്രിയില്‍ നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. പോള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്. പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനു മുന്‍പ് ലോകത്ത് ഒരിടത്തും H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്‍.എച്ച്.സി. വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.