1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

സ്വന്തം ലേഖകന്‍: എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ബില്‍, ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് കനത്ത തിരിച്ചടി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ എച്ച്1 ബി വിസയിലും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകും.

ഇതു സംബന്ധിച്ച ബില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ സോ ലോഫ്‌ഗ്രെന്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിയിലാണ് ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടിസ്ഥാന ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കുന്നതാണ് ബില്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന വിസയാണ് എച്ച്1ബി. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള വലിയൊരു മാര്‍ഗമാണ് എച്ച്1ബി വിസ. ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിക്കാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു.

ലോകത്തെ പ്രതിഭാശാലികളെ അമേരിക്കയില്‍ എത്തിക്കുന്നതിനൊപ്പം അമേരിക്കന്‍ ജീവനക്കാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് ബില്ലെന്ന് ലോഫ്‌ഗ്രെന്‍ പ്രതികരിച്ചു. നിയമ ഭേദഗതി നടപ്പാക്കുന്നതോടെ എച്ച്1ബി വിസയുടെ ദുരുപയോഗം അവസാനിക്കും. രാജ്യമേതെന്ന് നോക്കാതെ തൊഴിലുടമകള്‍ വിദഗ്ധരായ ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം വരും. ജീവനക്കാര്‍ക്ക് കൂടുതല്‍ നീതിപൂര്‍വ്വമായ പരിഗണന ലഭിക്കുമെന്നും ലെഫ്‌ഗ്രെന്‍ പറഞ്ഞു.

ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ പോലുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് പുതിയ തീരുമാനം കടുത്ത വെല്ലുവിളി ഉയര്‍ത്തും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ 90 ശതമാനവും എച്ച് വണ്‍ ബി വിസ ഉള്ളവരാണ്. കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവും എന്‍ജിനീയറിങ് അനുബന്ധ ജോലികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നിലവില്‍ അമേരിക്ക നല്‍കിവരുന്നത്.

ചുരുങ്ങിയ ശമ്പളപരിധി ഇരട്ടിയാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിലവില്‍ ശമ്പളപരിധി 60,000 ഡോളറാണ്. ഇത് 1,30,000 ഡോളര്‍ ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. 1989 ലാണ് 60000 ഡോളര്‍ എന്ന പരിധി നിശ്ചയിച്ചത്. ഇത് മാറ്റമില്ലാതെ തുടരുകയായിരുന്നു.

നിയമപ്രകാരം 65,000 എച്ച് 1 ബി വിസയേ ഒരു വര്‍ഷം അനുവദിക്കാവൂ. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വിസകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.