1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു. സഈദിന്റെ തഹ്‌രീകെ ആസാദി ജമ്മുകശ്മീര്‍ എന്ന സംഘനയെ ജൂണ്‍ എട്ടു മുതല്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്താന്‍സ് നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ജമാഅത്തുദ്ദഅ്‌വയുടെ പോഷക സംഘടനയായ തഹ്‌രീകെ ആസാദിയെ നിരോധിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.

ജനുവരി അവസാനം പാകിസ്താന്‍ സഇദിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജമാഅത്തുദ്ദഅ്‌വ നിരീക്ഷണത്തിലുമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ചതിന്റെ സമ്മര്‍ദത്തിലാണ് പാക് നടപടിയെന്നാണ് സൂചന. ഈ ആഴ്ച പുറത്തുവന്ന ഇന്തോ യുഎസ് സംയുക്ത പ്രസ്താവനയും പാകിസ്താനെ നിരാശപ്പെടുത്തുന്നതായിരുന്നു. വിവിധ രാജ്യങ്ങളുടെ സര്‍ക്കാറുകള്‍ ഉള്‍പ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) കരിമ്പട്ടിക പുതുക്കുന്നതിന്റെ തൊട്ടുമുമ്പാണ് നിരോധനം നിലവില്‍വന്നത്.

കൂടുതല്‍ പ്രശ്‌നകാരിയായതും സഹകരണ മനോഭാവമില്ലാത്തതുമായ ഭരണകൂടങ്ങളെ ഉള്‍ക്കൊള്ളിച്ചായിരിക്കും എഫ്.എ.ടി.എഫിന്റെ പുതിയ പട്ടിക. ജമാഅത്തുദ്ദഅ്‌വക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ യു.എസിന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശീയ ഉപരോധം ഭയന്നാണ് പാകിസ്താന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യായിരത്തോളം തീവ്രവാദ സംഘടനകളുടെ ആസ്തി ഈ മാസം ആദ്യം പാകിസ്താന്‍ മരവിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.