1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2021

സ്വന്തം ലേഖകൻ: രീബിയൻ രാജ്യമായ ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 304 പേർ മരിച്ചതായാണ് ഇതുവരെ പുറത്തുവരുന്ന വിവരം. രണ്ടായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിരവധിയാളുകലെ കാണാതായിട്ടുണ്ട്. ഇതോടെ മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹെയ്തി ഭരണകൂടം ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ പള്ളികളും ഹോട്ടലുകളും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹെയ്തി തലസ്ഥാനമായ സെന്‍ട്രൽ പോർട്ട് ഓ പ്രിൻസിൽ നിന്നും ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തിന് എട്ട് കിലോമീറ്റര്‍ ചുറ്റളവിൽ ഏഴ് തുടര്‍ചലനങ്ങളും ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ഉപദ്വീപുകളിലെ കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ ഉണ്ടായിട്ടുണ്ട്. ഭൂചലനത്തിൽ ഹെയ്തി തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകള്‍ മൂന്ന് മീറ്റർവരെ ഉയരാമെന്നുമാണ് മുന്നറിയിപ്പ്.

പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തെക്കൻ നഗരമായ ജെറമിയിലെ ആശുപത്രികള്‍ രോഗികളാൽ നിറഞ്ഞിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകളാണ് ആശുപത്രികളിലേക്ക് എത്തുന്നത് എന്നും തങ്ങള്‍ക്ക് ആവശ്യത്തിനുള്ള വസ്തുക്കള്‍ ഇല്ലെന്നും ഹോസ്പിറ്റൽ സെന്റ് അന്റോയിനിലെ അഡ്മിനിസ്ട്രേറ്റർ സിഎൻഎന്നിനോട് പറഞ്ഞു.

രോഗികള്‍ക്ക് വേണ്ടി ആശുപത്രി അതിന്റെ മുറ്റത്ത് ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. 2010ൽ ഹെയ്തിയിൽ സമാനമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. 15 ലക്ഷത്തോളം ആളുകള്‍ക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.