1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് ഹജിന് ലഭിച്ച പ്രത്യേക അവസരത്തിന് നന്ദി പറഞ്ഞും പകർച്ചവ്യാധിയിൽ നിന്ന് ലോക ജനതയുടെ മോചനത്തിനായി മനമുരുകിയും 150 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടക പ്രതിനിധികൾ അറഫയിൽ ഇന്ന് ലോക ജനതക്കായി കൈ ഉയർത്തും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ രാവിലെ മുതല്‍ അറഫയിലേക്ക് യാത്രയായി.

മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകളോടെയാണ് ഇത്തവണത്തെ അറഫ സംഗമത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഹാജിമാര്‍ അറഫയില്‍ ഒത്തുചേരുക. 55,000 പേര്‍ മിനായിലെ തമ്പുകളിലും 5000 പേര്‍ മിനായിലെ അബ്‌റാജ് കെട്ടിടത്തിലുമായാണ് ഇന്നലെ തങ്ങിയത്.

അറഫാ സംഗമത്തില്‍ പങ്കെടുക്കാതെ ഹജ്ജ് പൂര്‍ത്തിയാവില്ല എന്നതിനാല്‍ ഹാജിമാരെ അറഫയിലെത്തിക്കാന്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 20 പേര്‍ അടങ്ങുന്ന തീര്‍ഥാടക സംഘത്തിന് ഒരു ബസ്സ് എന്ന തോതില്‍ 3000 ബസ്സുകളിലായാണ് ഹാജിമാര്‍ മിനായില്‍ നിന്ന് അറഫയിലേക്ക് നീങ്ങുക. ആരോഗ്യ പ്രവര്‍ത്തകരും മതപ്രബോധകരും ഇവരെ അനുഗമിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബി അറഫയില്‍ വച്ച് നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച്, മക്കയിലെ ഗ്രാന്റ് മസ്ജിദ് ഇമാം ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല അറഫാ പ്രഭാഷണം നിര്‍വഹിക്കും. അറഫയിലെ നമിറാ മസ്ജിദില്‍ വെച്ചാണ് പ്രഭാഷണം നിര്‍വഹിക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏതാനും തീര്‍ഥാടകരെ മാത്രമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പത്തു ഭാഷകളിലേക്ക് പ്രഭാഷണം തല്‍സമയം വിവര്‍ത്തനം ചെയ്യും.

അറഫാ പ്രഭാഷണം ശ്രവിച്ച ശേഷം ഹാജിമാര്‍ കാരുണ്യത്തിന്റെ പര്‍വതമായ ജബലുര്‍റഹ്മയില്‍ അണിനിരന്ന് പ്രാര്‍ഥനയില്‍ മുഴുകും. സാത്താന്റെ പ്രതീകമായ ജംറകളിലേക്കുള്ള കല്ലേറ് നാളെയാണ് ആരംഭിക്കുക. അകലം പാലിച്ച് കല്ലെറിയുന്നതിന് തീര്‍ഥാടക സംഘങ്ങള്‍ക്ക് പ്രത്യേക സമയക്രമം അനുവദിച്ചിട്ടുണ്ട്.

അതേസമയം, പൊടിക്കാറ്റിനും മഴക്കുമുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകൾ നടത്തിക്കഴിഞ്ഞു. അറഫാ പ്രഭാഷണത്തിനു ശേഷം ഹാജിമാർ നാളെ സൂര്യാസ്തമയം വരെ അറഫയിൽ കഴിച്ചു കൂട്ടും. ആയിരത്തോളം മലയാളി ഹാജിമാരും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.