1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2024

സ്വന്തം ലേഖകൻ: മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ബന്ദിയായി പിടിച്ചു കൊണ്ടുപോയ 26കാരിയെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു. 245 ദിവസത്തെ തടവുജീവിതത്തിന് ശേഷമാണ് നോവ അര്‍ഗമാനി തിരികെ വീട്ടിലെത്തിയത്. എട്ട് മാസം നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ ഉറ്റവരെ കണ്ട് നോവ വിതുമ്പി. ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ് ഇരുന്നൂറിലേറെപ്പേരെ ബന്ദികളായി പിടിച്ചു കൊണ്ട് പോയത്.

സംഗീതനിശയില്‍ നിന്നും ബന്ദികളായി കൊണ്ടുപോയവരില്‍ നോവയും കാമുകന്‍ അവിനാഥനുമുണ്ടായിരുന്നു. ബൈക്കിന് പിന്നില്‍ നോവയെ വലിച്ചു കയറ്റിക്കൊണ്ട് ഹമാസ് പ്രവര്‍ത്തകര്‍ പോകുന്നതിന്‍റെ ദൃശ്യങ്ങളും ആ സമയത്ത് പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 245 ദിവസവും നോവയെ ഗാസയിലാണ് ഹമാസ് തടവില്‍ പാര്‍പ്പിച്ചിരുന്നത്.

തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നോവയുടെ അമ്മയുടെ അവസ്ഥ ഇക്കഴിഞ്ഞ ഏഴ് മാസം കൊണ്ട് തീര്‍ത്തും വഷളാകുകയും ചെയ്തുവെന്നും ശനിയാഴ്ച നസ്രേത്തില്‍ നടത്തിയ രക്ഷപ്രവര്‍ത്തനത്തിലൂടെ നോവയെ മോചിപ്പിക്കാനായെന്നും അമ്മയ്ക്കരികില്‍ എത്തിച്ചുവെന്നും സൈന്യം പറയുന്നു. നോവയ്ക്ക് പുറമെ ആന്ദ്രെ കോസ്​ലോവ്, അല്‍മോഗ് മേയിര്‍ ജാന്‍, ഷ്​ലോമി സീവ് എന്നിവരെയും സൈന്യം രക്ഷപെടുത്തി.

സൈനിക ഹെലികോപ്റ്ററില്‍ ടെല്‍ അവീവിലെത്തിച്ച നോവയെ ഉടന്‍ തന്നെ അമ്മയുള്ള ആശുപത്രിയിലേക്ക് സൈന്യം കൊണ്ടു പോവുകയായിരുന്നു. ആയിരക്കണക്കിന് ഇസ്രയേലികളാണ് ബന്ദികളാക്കി കൊണ്ടുപോയവരെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവില്‍ പ്രതിഷേധിക്കുന്നത്. നോവയെയും മറ്റ് മൂന്നുപേരെയും തിരികെ കൊണ്ടുവന്നത് ജനങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. 116 ബന്ദികളാണ് ഇനിയും ഹമാസിന്‍റെ പിടിയിലുള്ളത്. ഇതില്‍ 41 പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഏഴുപേരെയാണ് ഇതുവരെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞത്.

സുരക്ഷിതയായി വീട്ടിലെത്തിയ നോവയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്‍റ് ഐസക് ഹെര്‍സോഗും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ‘ജീവനോടെ നിന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരിക്കലും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഞാന്‍ തയ്യാറല്ലായിരുന്നു. എന്‍റെ വിശ്വാസവും പ്രതീക്ഷയും പോലെ എല്ലാം സംഭവിച്ചതില്‍ സന്തോഷമുണ്ടെ’ന്നായിരുന്നു അങ്ങേയറ്റം വികാരഭരിതനായി നെതന്യാഹു നോവയോട് പറഞ്ഞത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രയേലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവുംകൂടുതല്‍ ആള്‍നാശം സംഭവിച്ച ദിവസങ്ങളിലൊന്നാണ്. 1,189 ഇസ്രയേലികള്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെടുകയും 252 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. തിരികെ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 36,801 ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.