സ്വന്തം ലേഖകന്‍: ‘പോരാട്ടം ജൂതന്മാര്‍ക്ക് എതിരല്ല, മതപരവുമല്ല, 1967 ലെ അതിര്‍ത്തി പ്രകാരമുള്ള പലസ്തീന്‍ രാഷ്ട്രം മതി,’ പലസ്തീന്‍ പ്രശ്‌നത്തില്‍ നിലപാടു മാറ്റി ഹമാസ്. പ്രവാസജീവിതം നയിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മാഷല്‍ കഴിഞ്ഞ ദിവസം ദോഹയില്‍ പുറത്തിയ പുതിയ നയരേഖയിലാണ് സംഘടനയുടെ നയത്തിലെ നിര്‍ണായകമായ മാറ്റം. ഇസ്രേയേലി പ്രദേശം മുഴുവനും ഉള്‍പ്പെടുന്ന പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് ഇത്രനാളും ഹമാസ് ആവശ്യപ്പെട്ടിരുന്നത്.
വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജറൂസലേമും മാത്രം ഉള്‍ക്കൊള്ളുന്ന രാഷ്ട്രം താത്കാലികമായി രൂപീകരിക്കുന്നതിനു സമ്മതമാണെന്ന നിലപാടാണു പുതിയ നയരേഖയില്‍ സ്വീകരിച്ചിട്ടുള്ളത്. യഹൂദരോടു ശത്രുതയില്ലെന്നും സയണിസ്റ്റ് പ്രസ്ഥാനത്തോടാണ് എതിര്‍പ്പെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 1967ലെ അതിര്‍ത്തിപ്രകാരം പലസ്തീന്‍ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രായേലിനെ അംഗീകരിക്കുന്നില്ലെന്നും ഖാലിദ് മാഷല്‍ പ്രഖ്യാപിച്ചു.
1967 ല്‍ ഇസ്രായേല്‍ യുദ്ധത്തിലൂടെ പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവകൂടി ഉള്‍ക്കൊള്ളുന്നതാണ് പലസ്തീന്‍ രാഷ്ട്രം. പലസ്തീന്റെ ഒരിഞ്ച് സ്ഥലവും വേണ്ടെന്നുവെക്കില്ല. എത്രകാലം കുടിയേറ്റം തുടര്‍ന്നാലും എത്ര സമ്മര്‍ദമുണ്ടായാലും അതിന് തടസ്സമാവില്ല. പലസ്തീനെ പൂര്‍ണമായും ഒഴിപ്പിക്കുന്നതല്ലാത്ത ഒരു ആശയത്തെയും ഹമാസ് അംഗീകരിക്കുന്നില്ല. 1967 ജൂണ്‍ നാലിലെ നിയമപ്രകാരം ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തെയാണ് ഹമാസ് അംഗീകരിക്കുന്നത്.
അഭയാര്‍ഥികള്‍ക്ക് സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാന്‍ സ്വാതന്ത്ര്യമനുവദിക്കുന്ന സംവിധാനത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും മാഷല്‍ കൂട്ടിച്ചേര്‍ത്തു.ദോഹയിലെ ഹോട്ടലില്‍ ഇതു സംബന്ധിച്ചു നടത്തിയ പത്രസമ്മേളനം ഹമാസിന്റെ ഭരണത്തിലുള്ള ഗാസയിലും തത്സമയം സംപ്രേഷണം ചെയ്തു. അന്തര്‍ദേശീയ സമൂഹത്തെ കബളിപ്പിക്കാനാണു ഹമാസ് ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച ഇസ്രയേല്‍ നയരേഖ തള്ളിക്കളഞ്ഞു.
പലസ്തീന്‍ പ്രസിഡന്റ് അബ്ബാസും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടക്കാനിരിക്കേയാണു വെസ്റ്റ്ബാങ്ക് ഭരിക്കുന്ന അബ്ബാസിന്റെ ഫത്താ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന ഹമാസ് പുതിയ നയരേഖ പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ്. ഹമാസും അബ്ബാസിന്റെ ഫത്താ പ്രസ്ഥാനവും തമ്മിലുള്ള സ്വര ചേര്‍ച്ചയില്ലായ്മ രൂക്ഷമായി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല