സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ലക്ഷ്യം ഐഎസ് ഭീകരരല്ല, പുതിയ ആയുധങ്ങളുടെ പരീക്ഷണം, യുഎസിനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ആണവേതര വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതും അമേരിക്കയുടെ ആയുധ ശേഖരത്തില്‍ പത്തു വര്‍ഷമായി ഇരിക്കുന്നതുമായ ബോംബുകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന എംഒഎബി ആയുധം അഫ്ഗാനില്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് കര്‍സായിയുടെ വിമര്‍ശനം.
അമേരിക്കന്‍ നീക്കത്തെ ശക്തമായി അപലപിച്ച കര്‍സായി യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ആയുധ പരീക്ഷണമാണ് നടക്കുന്നതെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതിനെ ഭീകരതയ്ക്ക് എതിരേയുള്ള യുദ്ധമെന്ന വിളിക്കാനാകില്ല. വിനാശകാരികളായ ഏറ്റവും പുതിയ ആയുധങ്ങള്‍ പരീക്ഷിക്കാന്‍ തങ്ങളുടെ രാജ്യത്തെ ദുരുപയോഗം ചെയ്യുക എന്നതിനപ്പുറത്ത് ഇതൊന്നുമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മൂന്നില്‍ രണ്ടു ആയുധങ്ങളും അഫ്ഗാന് മേല്‍ പ്രയോഗിക്കുന്നതില്‍ നിന്നും അമേരിക്കയെ തടയാന്‍ ആരുമില്ല. അതുകൊണ്ടു തന്നെ എല്ലാം തങ്ങളുടെ പുറത്താകുമെന്നും കര്‍സായി വിമര്‍ശിക്കുന്നു. ഒരു മൈല്‍ വരെ ദൂരത്തില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഏറ്റവും ഭാരമേറിയ ബോംബുകളില്‍ ഒന്നാണ് ‘എല്ലാ ബോംബുകളുടേയും മാതാവ്’ എന്നറിയപ്പെടുന്ന അമേരിക്കന്‍ ബോംബ് ജിബിയു 43 ബോംബ്. 11 ടണ്‍ ടിഎന്‍ടിയാണ് ഇതിന്റെ സ്‌ഫോടന ശേഷി.
36 ഐ.എസ് ഭീകരര്‍ ബോംബ് പ്രയോഗത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തില്‍ സിവിലിയന്മാര്‍ക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പാക് അതിര്‍ത്തിക്ക് സമീപത്തെ മലനിരകളിലാണ് ആക്രമണം നടന്നത്.
വളരെ വിജയകരമായ ഒരു ലക്ഷ്യം എന്നായിരുന്നു ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസ് സൈന്യം പതിവുപോലെ തങ്ങളുടെ ജോലി ചെയ്‌തെന്നും ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല