1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ മരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മാര്‍ത്ഥതയോടെ രാജ്യസേവനം നടത്തിയെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ സൈനികര്‍ ജോലി ചെയ്തെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സൈനികരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുംഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി.

ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മരിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ലഷ്‍കര്‍ ഇ തയ്‍ബ കമാന്‍ഡര്‍ ഹൈദര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഭീകരര്‍ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടൽ. ഹന്ദ്വാരയിലെ ചങ്കിമുള്ളയിൽ ഭീകരര്‍ എത്തിയ വിവരത്തെ തുടര്‍ന്നാണ് കരസേനയും ജമ്മുകശ്മീര്‍ പൊലീസും ഇന്നലെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയത്.

സേന ഈ മേഖല വളഞ്ഞതോടെ ഭീകരര്‍ ഒരു വീട്ടിനുള്ളിലേക്ക് കയറി ഒളിച്ചിരുന്നു. ചില നാട്ടുകാരെ വീട്ടിനുള്ളിൽ ഈ ഭീകരര്‍ ബന്ദികളാക്കുകയും ചെയ്തു. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാണ്ടറായ കേണൽ അശുദ്ദോഷ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു ഭീകരരെ കീഴ്പ്പെടുത്താനുള്ള ഓപ്പറേഷൻ. ഭീകരര്‍ ഒളിച്ചിരുന്ന വീട് ലക്ഷ്യമാക്കി നീങ്ങിയ സേന മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലാണ് നടത്തിയത്.

ഇന്നലെ വൈകീട്ടുതന്നെ സേന കമാണ്ടിംഗ് ഓഫീസര്‍ ഉൾപ്പടെയുള്ള സേന അംഗങ്ങളുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഭീകരര്‍ ബന്ദികളാക്കിയ ഗ്രാമീണരെ സേന മോചിപ്പിച്ചു. എന്നാൽ ഏറ്റുമുട്ടലിൽ കേണൽ അശുതോഷ് ശര്‍മ്മ, മേജര്‍ അനൂജ് സൂദ്, ജവാന്മാരായ രാജേഷ്, ദിനേശ് എന്നിവരും ജമ്മുകശ്മീര്‍ പൊലീസിലെ ഒരു എസ്ഐയും കൊല്ലപ്പെട്ടു. കനത്ത മഴയിലായിരുന്നു ഇരുട്ടത്തുള്ള സേനയുടെ ഓപ്പറേഷൻ. ഈ മേഖലയിൽ സേന തെരച്ചിൽ തുടരുകയാണ്. ധീരതക്കുള്ള അവാര്‍ഡ് രണ്ടുതവണ നേടിയ ഉദ്യോഗസ്ഥനാണ് കേണൽ അശുദോഷ് ശര്‍മ്മ.

പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് സംഭവത്തിൽ ഉത്കണ്ഠയും ദുഃഖവും രേഖപ്പെടുത്തി. അത്യാസാധാരണ ധീരതയാണ് സൈനികര്‍ കാട്ടിയതെന്നും രാജ്യം ഇത് മറക്കില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം പാക് കേന്ദ്രീകൃത ഭീകര സംഘടനകൾ ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരുന്നു. പാക് സേനയുടെ ഈ നീക്കം നിയന്ത്രണ രേഖയിലെ സംഘര്‍ഷം കൂടാൻ ഇടയാക്കിയിരിക്കുമ്പോഴാണ് ഹന്ദ്വാരയിലെ ഈ ഏറ്റുമുട്ടൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.