1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക പാറിപ്പറക്കും. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.

ഇന്ന് മുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡ് ചെയ്യാം.

ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മോഹൻലാൽ. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്കുചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ചിത്രങ്ങളിൽ കാണാം.

ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയർത്തി. ഇന്ത്യ എന്നാ സങ്കൽപത്തിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.