1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2015

സ്വന്തം ലേഖകന്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍വച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പട്ടേല്‍ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇരുപത്തിരണ്ടുകാരനായ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. സംവരണ വിഷയത്തില്‍ അസംതൃപ്തരായി കഴിയുന്ന ഗുജ്ജര്‍, ജാട്ട് വിഭാഗങ്ങളിലെ നേതാക്കളെയും ഇതുമായി ബന്ധപ്പെട്ട് താന്‍ കാണുന്നുണ്ടെന്നും അദേഹം അറിയിച്ചു. നേരത്തെ, 60 ലക്ഷത്തിലധികം വരുന്ന പട്ടേല്‍ സമുദായക്കാര്‍ക്ക് ഇവിടെ ഒരു കേജ്‌രിവാള്‍ പ്രയോഗം നടത്താനാകുമെന്ന് ഹാര്‍ദിക് അവകാശപ്പെട്ടിരുന്നു. പട്ടേല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ഗുജറാത്തില്‍ ഇനി താമര വിരിയില്ലെന്നും ‘മഹാ ക്രാന്തി റാലി’യില്‍ ഹര്‍ദീക് പട്ടേല്‍ ഭീഷണിപ്പെടുത്തിയിരുന്നു.

നിലവില്‍ ഗുജറാത്തില്‍ ഭരണം നടത്തുന്ന ബിജെപിയോട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തനിക്ക് താല്‍പര്യക്കുറവില്ലെങ്കിലും ബിജെപി നേതാക്കളോട് താല്‍പര്യമില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി. ബിജെപി എന്ന പാര്‍ട്ടിയോട് എനിക്ക് താല്‍പര്യമാണ്. എന്നാല്‍ ബിജെപി നേതാക്കളോട് താല്‍പര്യമില്ല. ആനന്ദിബെന്‍ പട്ടേല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അതിന് സമയമെടുക്കുമെങ്കിലും അവര്‍ അനുകൂലമായ തീരുമാനമെടുക്കും – ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി ഇതുവരെയും ശ്രദ്ധേയമായതൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഹാര്‍ദിക്, പട്ടേല്‍ വിഭാഗക്കാരുടെ സഹകരണത്തോടെ ഭാവിയില്‍ അദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ പട്ടേല്‍ വിഭാഗക്കാര്‍ ഒരുമിച്ചുനില്‍ക്കുമെന്നും ഹാര്‍ദിക് വ്യക്തമാക്കി. സായുധ പ്രക്ഷോഭത്തോടുള്ള താല്‍പര്യത്തേക്കുറിച്ചുള്ള ചോദ്യത്തിന് സ്വവിഭാഗക്കാരുടെ രക്ഷയ്ക്കായി എല്ലാവരും ആയുധം ഉപയോഗിക്കണമെന്നായിരുന്നു യുവ നേതാവിന്റെ മറുപടി. സര്‍ക്കാര്‍തന്നെ എല്ലാവര്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.