സ്വന്തം ലേഖകന്‍: ഹാര്‍വി ടെക്‌സസില്‍ ഉണ്ടാക്കിയ നഷ്ടം 7500 കോടി ഡോളറിന്റേത്, ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 47 ആയി, ജനജീവിതം പതിയെ സാധാരണ നിലയിലേക്ക്. ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കിയ ഹാര്‍വി ചുഴലിക്കാറ്റ് ഇരു സംസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം.
ടെക്‌സസില്‍ മാത്രം 7500 കോടി ഡോളറിന്റെ (4.7 ലക്ഷം കോടി രൂപ) നഷ്ടമാണ് എന്‍കി റിസര്‍ച്ച് എന്ന സ്ഥാപനം കണക്കാകുന്നത്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. പ്രളയം രൂക്ഷമായി ബാധിച്ച ഹൂസ്റ്റണില്‍ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ക്രോസ്ബിയിലെ പൊട്ടിത്തെറിയുണ്ടായ രാസവസ്തു നിര്‍മാണശാല ആശങ്ക പടര്‍ത്തുന്നുണ്ട്.
ഹൂസ്റ്റണിലെ ഒരുലക്ഷത്തോളം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. ചിലയിടങ്ങളില്‍ എട്ടടിയോളം വെള്ളം കയറി. പ്രകൃതിയുടെ താണ്ഡവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി. ടെക്‌സസില്‍ വെള്ളമിറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണ്.ഹൂസ്റ്റണ്‍ നഗരം ഇപ്പോഴും വെള്ളത്തിനടിടയിലാണ്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹാര്‍വി ടെക്‌സസില്‍ വീശിത്തുടങ്ങിയത്. ഒപ്പമുണ്ടായ പേമാരിയില്‍ സംസ്ഥാനം മുഴുവന്‍ വെള്ളത്തിനടിയിലായി. ലൂയിസിയാന സംസ്ഥാനത്തും ഹാര്‍വി കനത്ത നാശം വിതച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സ്വകാര്യ സന്പാദ്യത്തില്‍നിന്ന് 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ടെക്‌സസും ലൂസിയാനയും അദ്ദേഹം ശനിയാഴ്ച ഒരിക്കല്‍ കൂടി സന്ദര്‍ശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല