1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2017

സ്വന്തം ലേഖകന്‍: ഹൂസ്റ്റണെ വെള്ളപ്പൊക്കത്തില്‍ മുക്കി ഹാര്‍വി ചുഴലിക്കാറ്റ്, അഞ്ചു പേര്‍ മരിച്ചു, ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. യു.എസിലെ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് വീശിത്തുടങ്ങിയ വെള്ളിയാഴ്ച രാത്രിമുതല്‍ ഇതുവരെ 75 സെന്റീമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്.

ഒരു വര്‍ഷം ലഭിക്കേണ്ട മഴയാണ് നാലുദിവസംകൊണ്ട് പെയ്തത്. ഇതുവരെ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ 60 ലക്ഷത്തോളംപേര്‍ പാര്‍ക്കുന്ന ഹൂസ്റ്റണ്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. വിമാനത്താവളങ്ങളും റോഡുകളുമെല്ലാം അടച്ചു. ദുരിതമനുഭവിക്കുന്നവരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷപ്പെടുത്തുകയാണ്. നഗരത്തിലെ രണ്ട് ആസ്പത്രികള്‍ പൂട്ടി. രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി.

ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിപ്പോയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും പ്രദേശത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായത്തോടെ എത്തിച്ചു. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ശാലിനി, നിഖില്‍ ഭാട്ടിയ എന്നീ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഏറെ മലയാളികള്‍ താമസിക്കുന്ന സിയെന്ന, ഷുഗര്‍ ലാന്‍ഡ്, മിസോറി സിറ്റി, പിയര്‍ലണ്ട്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കാറ്റുവീശുന്നത്. ഹാര്‍വി ഹൂസ്റ്റണില്‍ സംഹാര താണ്ഡവം തുടങ്ങിയതോടെ അയല്‍സംസ്ഥാനമായ ലൂയിസിയാനയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.