1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: യു.എസിലെ ടെക്‌സാസില്‍ ഹാര്‍വെയുടെ സംഹാര താണ്ഡവം തുടരുന്നു, അഞ്ചു പേര്‍ മരിച്ചു, കനത്ത നാശനഷ്ടങ്ങള്‍. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ടെക്‌സസിലാണ് അഞ്ചു പേര്‍ മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ പേമാരി തുടരുകയാണ്. ഹൂസ്റ്റണില്‍ പ്രളയത്തില്‍ കുടുങ്ങിയ ആയിരം പേരെ രക്ഷപ്പെടുത്തി.

നഗരം വെള്ളപ്പൊക്കത്തിന്റെ കെടുതിയിലാണെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു. 24 മണിക്കൂറിനിടെ 61.2 സെ.മീ മഴയാണ് ഹൂസ്റ്റണില്‍ പെയ്തത്. നഗരത്തില്‍ ശനിയാഴ്ച രാത്രി കനത്ത മഴയില്‍ കാറോടിച്ച സ്ത്രീ വെള്ളക്കെട്ടില്‍പ്പെട്ട് മരിച്ചിരുന്നു. ആര്‍കന്‍സോയിലും ഒരാള്‍ മരിച്ചു. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.

ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തകരെ വലയ്ക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണിയുള്ള ഹൂസ്റ്റണില്‍ വീടുകളുടെ മുകള്‍ നിലയില്‍ കയറി സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.യുഎസിന്റെ ‘ഇന്ധന തലസ്ഥാന’മായ ടെക്‌സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവില ഉയര്‍ന്നിട്ടുണ്ട്. ഹാര്‍വിയെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റശേഷമുണ്ടാകുന്ന ആദ്യത്തെ വലിയ പ്രകൃതി ദുരന്തമാണിത്.

ചുഴലിക്കാറ്റ് മൂലം നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
ടെക്‌സസിലെ നിരവധി കൗണ്ടികളില്‍ അധികൃതര്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. 13 വര്‍ഷത്തിനിടെ ആദ്യമായാണ് യു.എസില്‍ ചുഴലിക്കാറ്റ് ഇത്രയും നാശം വിതക്കുന്നത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മഴ ശമിക്കാത്തത് കോര്‍പസ് ക്രിസ്റ്റി, ഹൂസ്റ്റണ്‍ മേഖലകളിലെ താമസക്കാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.