1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2017

സ്വന്തം ലേഖകന്‍: ‘ബിജെപി നേതാവിന്റെ മകനും കൂട്ടാളികളും ആ രാത്രി അവിടെ എന്തിനു വന്നു എന്ന് നിങ്ങള്‍ ചോദിക്കാത്തത് എന്താണ്?’ ഹരിയാന ബിജെപി നേതാവിന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ചോദിക്കുന്നു. ഞാന്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ നിങ്ങളാരും ഇടപെടേണ്ടെന്നും ബി.ജെ.പി നേതാവിന്റെ പ്രകോപന പരമായ ചോദ്യത്തിന് മറുപടിയായി വര്‍ണിക കുണ്ടു പറഞ്ഞു.

എന്തുകൊണ്ടാണ് ആ പെണ്‍കുട്ടിയെ അര്‍ദ്ധ രാത്രി ഒറ്റക്ക് ചുറ്റിത്തിരിയാന്‍ അനുവദിച്ചത് എന്ന ഹരിയാണ ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. ബിജെപി നേതാവിന്റെ മകന്‍ അടങ്ങുന്ന സംഘം എന്തിനാണ് രാത്രി അവിടെയെത്തിയതെന്ന് അദ്ദേഹം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും വര്‍ണിക ചോദിക്കുന്നു.

‘ലൈംഗിക പീഡന കേസിലും സമാനമായ പല സംഭവങ്ങളിലും ഇരയായ പെണ്‍കുട്ടികളെ പോലെ എനിക്ക് മുഖം മൂടി നടക്കേണ്ട. ഞാന്‍ അക്രമത്തെ അതിജീവിച്ചയാളാണ്. കുറ്റം ചെയ്ത ആളല്ല’, ഒരു ദേശീയ മാധ്യമത്തോട് വര്‍ണിക പ്രതികരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയാണ് വര്‍ണിക. രക്ഷാബന്ധന്‍ ദിവസത്തില്‍ സ്ത്രീകള്‍ ആണ്‍കുട്ടികളുടെ കയ്യില്‍ രാഖി കെട്ടുന്നതിന് പകരം പെണ്‍കുട്ടികള്‍ ആയുധകലകള്‍ പഠിക്കുകയാണ് വേണ്ടതെന്ന് വര്‍ണിക പറയുന്നു.

കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതു വരെ താന്‍ സന്തോഷവതി ആയിരിക്കില്ലെന്നും നീതിക്ക് വേണ്ടി അങ്ങേയറ്റം വരെ പോരാടുമെന്നും വര്‍ണിക കൂട്ടിച്ചേര്‍ത്തു. ’25 മിനുട്ടോളമാണ് അവര്‍ രാത്രിയില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയത്. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്നോട് മാപ്പ് പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ കേസുമായി മുന്നോട്ട് പോവാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് മാത്രം നീതി ലഭിക്കാന്‍ വേണ്ടിയല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം താന്‍ സ്വീകരിച്ചത്, പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ കുറിച്ച് ആശങ്കയില്ലെന്നും വര്‍ണിക പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വര്‍ണിക കുണ്ടുവിനെ ബിജെപി നേതാവിന്റെ മകന്‍ അടങ്ങുന്ന സംഘം പിന്തുടര്‍ന്നത്. നാല് കിലോമീറ്ററോളം വര്‍ണികയെ പിന്തുടര്‍ന്ന ഇവര്‍ കാര്‍ നിര്‍ത്താനാവശ്യപ്പെട്ട് ആക്രോശിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസിനെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചാണ് വര്‍ണിക രക്ഷപ്പെട്ടത്. സംഭവത്തില്‍ ബിജെപി നേതാവ് സുഭാഷ് ബരാളയുടെ മകന്‍ വികാസ് ബരാളയേയും സുഹൃത്ത് ആശിഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തിനു പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് വര്‍ണിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പോസ്റ്റിനു പിന്നാലെ വര്‍ണികയും വികാസും സുഹൃത്തുക്കളാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തി. വര്‍ണികയുടെ ഫെയ്‌സ്ബുക്കില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് വികാസ് അല്ലെന്നും രൂപസാദൃശ്യമുള്ള മറ്റൊരു സുഹൃത്താണെന്നും വര്‍ണിക പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.