1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചു വർഷമായി യുഎസിന്റെ വിദേശകാര്യ മേഖലയെ വേട്ടയാടുന്ന ഹവാന സിൻഡ്രോം വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിയറ്റ്നാമിലേക്കു യാത്രയ്ക്കൊരുങ്ങി സിംഗപ്പൂരിലെത്തിയ കമല ഹാരിസിൻ്റെ യാത്ര ഹനോയിയിലുള്ള യുഎസ് എംബസിയിലെ പ്രശ്നങ്ങളെ തുടർന്ന് വൈകിയിരുന്നു. എംബസിയിൽ ഹവാന സിൻഡ്രോം റിപ്പോർട്ട് ചെയ്തതോടെ യാത്ര ആശങ്കയിലായി.

പിന്നീട് മൂന്നു മണിക്കൂർ താമസിച്ചാണ് കമല സിംഗപ്പൂരിൽനിന്നു വിയറ്റ്നാമിലെത്തിയത്. ഇതിനോടകം യുഎസ് അധികൃതർ സുരക്ഷാ പരിശോധനകളും ശക്തമാക്കിയിരുന്നു. വിയറ്റ്നാമിൽ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനു തടയിടാനും രാജ്യത്തെ തങ്ങളുടെ നിരയിൽ നിർത്താനും സാധ്യതകൾ തേടിയാണ് കമല ഹാരിസ് കഴിഞ്ഞ ദിവസം അവിടെത്തിയത്.

എന്നാൽ കമല എത്തുന്നതിനു മുൻപുതന്നെ ചൈനീസ് നയതന്ത്ര പ്രതിനിധികൾ ഹനോയിയിലെത്തി വിയറ്റ്നാം സർക്കാരുമായി പെട്ടെന്നുള്ള ചർച്ചകൾ നടത്തുകയും വിയറ്റ്നാമിന് 20 ലക്ഷം സൗജന്യ കോവിഡ് വാക്സീനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ചൈനീസ് ഇടപെടൽ ശക്തമായതിനാൽ, ഹനോയിയിലെ സംഭവത്തിൽ ചൈനയുടെ മേലും സംശയത്തിൻ്റെ നിഴൽ വീണു.

പൊടുന്നനെ കാരണങ്ങളില്ലാതെ കടുത്ത തലവേദന, തലയിൽ സമ്മർദം, ബോധക്കേട്, തലകറക്കം, ഓർമക്കുറവ് എന്നിവയുണ്ടാകുന്ന അവസ്ഥയാണ് ഹവാന സിൻഡ്രോം. ചിലരിൽ മൂക്കിൽനിന്നു രക്തസ്രാവവുമുണ്ടാകാറുണ്ട്. 2016ൽ ക്യൂബയിലെ ഹവാനയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിലാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തത്.

അങ്ങനെയാണിതിന് ഹവാന സിൻഡ്രോമെന്ന പേരു ലഭിച്ചതും. പിന്നീട് ജർമനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ബാധിച്ചു. പിന്നീട് ലോകമെമ്പാടും, പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ച യുഎസ് ഉദ്യോഗസ്ഥരിൽ, പ്രത്യേകിച്ച് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരിലും അവരുടെ കുടുംബത്തിലും ഇതു റിപ്പോർട്ട് ചെയ്തു. ഇതൊരു മാനസികമായ തോന്നലാണെന്നാണ് ആദ്യകാലത്ത് വിലയിരുത്തപ്പെട്ടിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സിഐഎ ഡയറക്ടർ വില്യം ബേൺസ് ഇതു പകൽപോലെ സത്യമെന്നു വിധിയെഴുതി. ഇതോടെ ഹവാന സിൻഡ്രോമിന്റെ ഗൗരവത്തെക്കുറിച്ച് യുഎസ് ഭരണകൂടം ബോധവാന്മായി. തങ്ങളുടെ ഇരുന്നൂറിലധികം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഈയവസ്ഥ നേരിട്ടിട്ടുണ്ടെന്നു യുഎസ് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇവരിൽ കൂടുതലും എംബസി ഉദ്യോഗസ്ഥരും സിഐഎ അംഗങ്ങളുമാണ്.

ഈ അവസ്ഥ ആദ്യം പിടികൂടിയ ക്യൂബൻ എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥർ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപ് അതീവതോതിൽ തുളച്ചുകയറുന്ന രീതിയിലുള്ള ശബ്ദം കേട്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനു ചീവീടുകൾ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം. ഒരു വിൻഡോ ഗ്ലാസ് പകുതി തുറന്ന കാറിൽ അതിവേഗത്തിൽ പോകുമ്പോൾ അനുഭവിക്കുന്നതു പോലെയുള്ള സമ്മർദവും ഇവർക്കുണ്ടായി.

എവിടെയോനിന്ന്, ഒരു അജ്ഞാതൻ തങ്ങളുടെ നേർക്ക് ഒരു ഊർജ ഉപകരണത്തിൽനിന്നു രശ്മികൾ പ്രയോഗിച്ചതുപോലെയാണു തോന്നിയതെന്നും ഇവർ പറഞ്ഞു. തലകറക്കവും കടുത്ത ശ്രദ്ധക്കുറവും പിന്നീട് ഇവരെ പലപ്പോഴും ശല്യപ്പെടുത്തി. ഒടുവിൽ പലരും സേവനം പാതിവഴിയിൽ നിർത്തി വൈദ്യ ചികിത്സയ്ക്കായി യുഎസിൽ തിരിച്ചെത്തി. ഇവരിൽ പരിശോധന നടത്തിയ ഡോക്ടർമാർ തലച്ചോറിൽ കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.

ഹവാന സിൻഡ്രോമിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞതിനു ശേഷം 5 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്നു യുഎസിനു മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. റഷ്യൻ നിർമിത സോണിക് ഉപകരണങ്ങൾ അല്ലെങ്കിൽ എനർജി ബീമുകൾ ഉപയോഗിച്ചാണ് ഈ അവസ്ഥ ഇരകളിൽ വരുത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏതോ സോണിക് ഉപകരണങ്ങൾ വച്ചാകാം ഹവാനയിൽ ഇതു നടപ്പിലാക്കിയതെന്ന് അന്ന് അന്വേഷണം നടത്തിയ ഏജൻസികൾ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.