1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2018

സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു; ബിജെപിയ്ക്ക് ശക്തമായ സന്ദേശവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി വേദിയില്‍. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുബായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. വെള്ളിയാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്.

ഒറ്റകക്ഷി സര്‍ക്കാരിനേക്കാള്‍ മികച്ചതായിരിക്കും കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യ സര്‍ക്കാരെന്നു കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കും. സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെത്തിയതു ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന സന്ദേശം നല്‍കുന്നതിന്. 2019ല്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2019 ലെ പൊതുതിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് എളുപ്പമാകില്ല എന്ന വ്യക്തമായ സന്ദേശമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ ഒത്തുകൂടല്‍ നല്‍കിയത്. വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിരുന്നത്. പത്തു മിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി. അംഗങ്ങള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ പാര്‍ട്ടി ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.