സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണം പൊതുജനങ്ങളുടെ എതിര്‍പ്പിനെ അഗവണിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പച്ചക്കൊടി. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ഹീത്രൂ വിമാനത്താവളത്തിനു മൂന്നാമത്തെ റണ്‍വേ നിര്‍മിക്കാനുള്ള വന്‍ പദ്ധതിക്ക് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ മുന്‍ നിശ്ചയപ്രകാരം 2021ല്‍ തന്നെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കും.
ശബ്ദ, അന്തരീഷ മലിനീകരണ പ്രശ്‌നമുയര്‍ത്തി വിമാനത്താവള പരിസരത്തെ മണ്ഡലങ്ങളില്‍നിന്നുള്ള എംപിമാര്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. നിര്‍മാണം തടയാന്‍ ബുള്‍ഡോസറിനു മുന്നില്‍ കിടക്കുമെന്നുവരെ ഭീഷണി ഉയര്‍ത്തിയ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വിദേശയാത്രയിലായതിനാല്‍ തിങ്കളാഴ്ചത്തെ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ വികസന പദ്ധതി വന്‍ ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്റ് പാസാക്കിയത് എന്നതും പ്രതിഷേധക്കാര്‍ക്ക് തിരിച്ചടിയായി.
പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടക്കുമ്പോള്‍, സമരക്കാര്‍ പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു. മേയര്‍ സാദിഖ് ഖാന്‍ അടക്കമുള്ളവരുടെ പിന്തുണയോടെ കോടതിയെ സമീപിക്കുമെന്നു പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി സര്‍വീസുകള്‍ ഒഴിവാക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് മൂന്നാം റണ്‍വേ പദ്ധതി നടത്തിയെടുക്കാന്‍ തെരേസ മേ സര്‍ക്കാര്‍ മുന്നോട്ടു വക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പിലായാല്‍ ലണ്ടന്‍ നഗരത്തിന്റെ തന്നെ പരിസ്ഥിതി സന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല