1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2022

സ്വന്തം ലേഖകൻ: പഗ്രഹ വിക്ഷേപണത്തിനു ശേഷം തിരികെ ഭൂമിയില്‍ പതിക്കുംമുന്‍പ് റോക്കറ്റിനെ ആകാശത്തുവെച്ച് ‘പിടികൂടി’ ഹെലികോപ്റ്റർ. അമേരിക്കന്‍ കമ്പനിയായ റോക്കറ്റ് ലാബ് യു.എസ്.എ. എന്ന സ്ഥാപനമാണ് താഴേക്ക് വരികയായിരുന്ന റോക്കറ്റിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഭാഗികമായി വിജയിച്ചത്.

ഒരിക്കല്‍ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിനെ ഇത്തരത്തില്‍ പിടിച്ചെടുത്ത് വീണ്ടും വിക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോക്കറ്റ് ലാബ് ഈ ശ്രമം നടത്തിയത്. കൂടാതെ, വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യവും റോക്കറ്റുകളുടെ പുനരുപയോഗ സാധ്യതയും ഇതിനു പിന്നിലുണ്ട്.

തിങ്കളാഴ്ച നടത്തിയ പരീക്ഷണം ഭാഗികമായി വിജയിച്ചു. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴേക്കുവന്ന റോക്കറ്റിനെ ദക്ഷിണ പസഫിക് സമുദ്രത്തിലെ ന്യൂസിലാന്‍ഡ് തീരത്തിന് മുകളില്‍വെച്ചായിരുന്നു ഹെലികോപ്ടര്‍ പിടിച്ചെടുത്തത്. കേബിളും പാരച്യൂട്ടുകളും ഉപയോഗിച്ച് റോക്കറ്റിനെ പിടിച്ചെടുക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.

34 ഉപഗ്രഹങ്ങളുമായി രാവിലെ 10.50-ന് ന്യൂസിലന്‍ഡിലെ ലോങ് ബീച്ചില്‍നിന്നാണ് റോക്കറ്റ് വിക്ഷേപിക്കപ്പെട്ടത്. വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന റോക്കറ്റ്, അതില്‍ നേരത്തെ തന്നെ ഘടിപ്പിച്ചിട്ടുള്ള പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗം നിയന്ത്രിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഹെലികോപ്ടറില്‍നിന്നുള്ള കേബിളുകളുടെ സഹായത്തോടെ റോക്കറ്റിനെ പിടിച്ചെടുക്കുന്ന പ്രക്രിയ നടന്നത്.

എന്നാല്‍, അല്‍പസമയത്തിനു സമയത്തിനു ശേഷം ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച കേബിളില്‍നിന്ന് റോക്കറ്റിനെ സ്വതന്ത്രമാക്കേണ്ടിവന്നു. ശേഷം റോക്കറ്റ് പസഫിക് സമുദ്രത്തിലേക്ക് വീണു. അതിനാലാണ് പരീക്ഷണം ഭാഗികമായി വിജയിച്ചുവെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. റോക്കറ്റിനെ കടലില്‍ വീഴുന്നതിന് മുന്‍പേ പിടിച്ചെടുത്ത് കരയിലേക്കോ ബാര്‍ജിലേക്കോ കൊണ്ടുവന്നാല്‍ മാത്രമേ പരീക്ഷണം വിജയിച്ചതായി കണക്കാക്കാനാകൂ.

വിക്ഷേപണാനന്തരം റോക്കറ്റുകളെ ഭൂമിയില്‍ തിരികെയെത്തിച്ച് പുനരുപയോഗിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് ഇലോണ്‍ മസ്‌കിന്റെ സ്ഥാപനമായ സ്‌പേസ് എക്‌സായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.