1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2019

സ്വന്തം ലേഖകൻ: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍ ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും അടക്കമുള്ള ചില നേതാക്കള്‍ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ശരദ് പവാറിനു പകരമായി എന്‍.സി.പി നേതാവ് സുപ്രിയ സുലെ ചടങ്ങിനെത്തി.

ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ കമല്‍ നാഥ് തുടങ്ങിയവരും ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.

റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണു സത്യപ്രതിജ്ഞ നടന്നത്. കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ഒരു വേദിയിൽ അണിനിരക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.