സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയും റഷ്യയുമെന്ന് തുറന്നടിച്ച് ഹിലരി ക്ലിന്റണ്‍. ന്യൂയോര്‍ക്കില്‍ ജീവകാരുണ്യഫണ്ടു ശേഖരണത്തിനായുള്ള വിരുന്നില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു താന്‍ വിജയത്തിലേക്ക് അടുക്കുകയായിരുന്നുവെന്നും വോട്ടെടുപ്പിനു രണ്ടാഴ്ച മുന്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എഫ്ബിഐ ഡയറക്ടര്‍ കോമി അയച്ച കത്താണ് എല്ലാം തകിടം മറിച്ചതെന്നും ഹില്ലരി ആരോപിച്ചത്.
തികച്ചും കൃത്യമായ പ്രചാരണമാണു നടത്തിയത്. തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 27നു നടന്നിരുന്നെങ്കില്‍ താനാകുമായിരുന്നു വൈറ്റ് ഹൗസിലെത്തുക. അതിനു ശേഷമുള്ള പത്തു ദിവസത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു ന്യൂയോര്‍ക്കില്‍ സി.എന്‍.എന്നിന്റെ വിമന്‍ ഫോര്‍ വിമന്‍ ഇന്റര്‍നാഷണല്‍ ഫോറത്തിലെ അഭിമുഖ സംഭാഷണത്തില്‍ ഹിലരി പറഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരിയുടെ പ്രചാരണം നയിച്ച ജോണ്‍ പെഡസ്റ്റയുടെ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി വിക്കിലീക്‌സ് മുഖേന പുറത്തുവിട്ടത് കനത്ത തിരിച്ചടിയായിരുന്നു.
വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചെന്ന് ഹിലരിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട കത്ത് കോമി പുറത്തുവിട്ടതും ഹിലരിയുടെ സാധ്യതകള്‍ക്കു കനത്ത ആഘാതമായി. രണ്ടും സംഭവിച്ചത് ഒക്‌ടോബര്‍ 28നായിരുന്നു. വിക്കിലീക്‌സ് വെളിപ്പെടുത്തലും കോമിയുടെ കത്തും തനിക്കു വോട്ട് ചെയ്യുമായിരുന്ന വലിയൊരു വിഭാഗത്തെ ഭയപ്പെടുത്തി മാറ്റിച്ചിന്തിപ്പിച്ചെന്ന് ഹിലരി ചൂണ്ടിക്കാട്ടി.
പെഡസ്റ്റയുടെ ഇമെയിലുകള്‍ മോഷ്ടിച്ച റഷ്യന്‍ സംഘത്തിന്റെ ഇടപെടലും അതു വിക്കിലീക്‌സിലൂടെ പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു. അതില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനു വ്യക്തമായ പങ്കുണ്ട്. തന്നെ തോല്‍പിക്കാനും എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഡോണള്‍ഡ് ട്രംപിന് മേല്‍ക്കൈയുണ്ടാക്കാനും റഷ്യക്കു കഴിഞ്ഞു. ഒരു സ്ത്രീ അത്യുന്നത പദവിയിലെത്തുന്നതു തടയാനുള്ള ശ്രമമുണ്ടായെന്നും ഹിലരി തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല