1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2022

സ്വന്തം ലേഖകൻ: ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 11 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയുടെ പല ക്യാമ്പുകളിലും ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളെ പിന്തുണച്ച് നൂറുകണക്കിനു പാർട്ടി പ്രവർത്തകർ രാജിവച്ചതോടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രക്ഷുബ്ധമായിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കൾ നിർണായക സീറ്റുകളിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനാൽ കോൺഗ്രസും ആശങ്കയിലായിരുന്നു. ചെറിയ മാർജിനുകൾക്കു സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കാൻ കഴിയുന്ന ഹിമാചൽ പ്രദേശ് പോലൊരു സംസ്ഥാനത്ത്, വിമതരുടെ പങ്ക് ശ്രദ്ധേയമാണ്. ഈ അഞ്ച് പ്രധാന സ്വതന്ത്ര സ്ഥാനാർത്ഥികൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ചാണക്യതന്ത്ര’വും ഹിമാചലിൽ ബിജെപിയുടെ വിജയ ഫോര്‍മുല തീർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കനത്ത തിരിച്ചടിയായി.

ബിജെപി 27 സീറ്റുകൾ നേടി രണ്ടാമതെത്തിയപ്പോള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആദ്യമായി പരീക്ഷണ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഒരു സീറ്റും നേടാനായില്ല. 15 വർഷത്തെ ബിജെപി ഭരണം തൂത്തെറിഞ്ഞ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയെത്തിയ ഹിമാചൽ ഫലം എഎപിക്ക് തിരിച്ചടിയായി.

ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ചെങ്കൊടി പാറിച്ച സിപിഎമ്മിന് ഇത്തവണ ആ സീറ്റ് നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രാകേഷ് സിംഘയെ കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകളാണ് നേടാനായത്.

2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വർമയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഘ നിയമസഭയിലെത്തിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.