1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. തുടര്‍ച്ചയായി രണ്ടുപ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശ പാര്‍ട്ടി പ്ലീനം അംഗീകരിക്കും. ഇതോടെ ഷി ചിന്‍പിങ് ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി മാറും.

രണ്ടാം തവണത്തെ കാലയളവുകൂടി പരിഗണിച്ച് ഷീ ചിന്‍പിങ്ങിന് അഞ്ചു വര്‍ഷത്തേക്കുകൂടി അധികാരത്തില്‍ തുടരാനാകും. അതേസമയം ഷി ചിന്‍പിങ്ങിന്റെ പാര്‍ട്ടിയിലെ അടുത്ത ആളായ വാങ് ക്വിഷാനെ ചൈനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്നു സൂചനകളുണ്ട്. 69 വയസു പൂര്‍ത്തിയായതിനെ തുടര്‍ന്ന് വാങ് ക്വിഷാന്‍ നേരത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തു നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ നേതൃസമിതിയില്‍ ഷി ചിന്‍പിങ്ങിനു പിന്‍ഗാമിയായി ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ രണ്ടാം വട്ടത്തിനുശേഷവും അദ്ദേഹം അധികാരത്തില്‍ തുടരുമെന്നു വ്യക്തമായിരുന്നു. മൂന്നുദശകമായി തുടരുന്ന കൂട്ടായ പാര്‍ട്ടി നേതൃത്വം എന്ന തത്വം മാറ്റിവച്ചാണ് ഷി ചിന്‍പിങ്ങിനെ കഴിഞ്ഞവര്‍ഷം മുതല്‍ പരമോന്നത നേതാവ് എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.