1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2023

സ്വന്തം ലേഖകൻ: ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിന്റെ രണ്ടാം ദിവസവും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. കമ്പനികൾക്ക് എട്ടു ശതമാനം വരെ നഷ്ടമുണ്ടായതായാണു ലഭിക്കുന്ന വിവരം. ഇന്നു മാത്രം ആദാനി ഗ്രൂപ്പിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടതായാണു പുറത്തുവരുന്ന കണക്കുകള്‍. ഇതോടെ കമ്പനിയുടെ വിപണി മൂലധനത്തിൽ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി.

അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 17 ശതമാനം ഇടിഞ്ഞപ്പോൾ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു. അംബുജ സിമെന്റ്, എ സി സി എന്നിവ ആറ് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ അദാനി പവർ, അദാനി വിൽമർ ഓഹരികൾ അഞ്ച് ശതമാനം വീതം ഇടിഞ്ഞു. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് 3.5 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഹിൻഡൻബർഗ് റിസർച്ചിനെതിരെ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാണിക്കുകയാണെന്നായിരുന്നു യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. ഹിൻഡൻബർഗ് റിസർച്ചിനെതിരെയുള്ള ശിക്ഷാനടപടികൾക്കായി യുഎസ്, ഇന്ത്യൻ നിയമങ്ങൾക്ക് കീഴിലുള്ള പ്രസക്തമായ വ്യവസ്ഥകൾ വിലയിരുത്തുകയാണെന്ന് അദാനി ലീഗൽ ഗ്രൂപ്പ് ഹെഡ് ജതിൻ ജലുന്ധ്‌വാല പ്രസ്താവനയിൽ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുകയാണെന്നായിരുന്നു ഹിൻഡൻബർഗ് റിസര്‍ച്ചിന്റെ പ്രതികരണം. “നിയമപരമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനമെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലും കേസ് ഫയല്‍ ചെയ്യേണ്ടതുണ്ട്. നിയമപരമായ അന്വേഷണം ആവശ്യമായ നിരവധി രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്,” ഹിൻഡൻബർഗ് റിസര്‍ച്ച് ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.