സ്വന്തം ലേഖകന്‍: പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത. സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോലി എന്ന മുപ്പത്തൊന്‍പതുകാരിയാണു നേട്ടം കൈവരിച്ചത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമാണു കൃഷ്ണകുമാരി. നഗര്‍പാര്‍ക്കറിലെ ധനഗാം എന്ന പിന്നാക്ക ഗ്രാമത്തില്‍ നിന്നാണ് ഇവരുടെ വരവ്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്നതിനു തെളിവാണ് ഈ വിജയമെന്ന് പിപിപി നേതാവു ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകയാണു താനെന്നും ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണു ശ്രമിക്കുന്നതെന്നും കൃഷ്ണകുമാരി പറഞ്ഞു. കൃഷ്ണകുമാരിയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരു ഭൂപ്രഭുവിനു സ്വകാര്യ ജയിലില്‍ അടിമപ്പണിക്കാരായിരുന്നു. കൃഷ്ണകുമാരി മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തു പൊലീസ് റെയ്ഡിലാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്. ഈ അനുഭവങ്ങളാണു ന്യൂനപക്ഷ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഊര്‍ജമേകിയതെന്ന് അവര്‍ പറയുന്നു.
പതിനാറാം വയസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ ലാല്‍ചന്ദിനെ വിവാഹം ചെയ്ത കൃഷ്ണകുമാരി പിന്നീടു ഭര്‍ത്താവിന്റെ പിന്തുണയോടെ പഠനം തുടര്‍ന്നു സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. പൊതുപ്രവര്‍ത്തനത്തിനിടെ പിപിപിയില്‍ ചേരുകയായിരുന്നു. പാക്കിസ്ഥാന്‍ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു സ്ത്രീയായ രത്‌ന ഭഗവാന്‍ദാസ് ചാ!വ്!ലയും പിപിപി അംഗമാണ്. സിന്ധിലെ ഉന്നത കുടുംബത്തിലാണു രത്‌നയുടെ ജനനം. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) സെനറ്റില്‍ 15 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല