1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2024

സ്വന്തം ലേഖകൻ: ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത് അതീവ രഹസ്യമായാണ്. പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാനാണ് നിര്‍ദേശം .ഇതിനായി ഇക്കണോമിക്സ് ഒഫന്‍സ് വിങ്ങിലെ ഡിവൈഎസ്പിയെ നിയോഗിച്ചു. അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥനെ നിയോഗിച്ചുള്ള ഉത്തരവ് ഇറങ്ങിയത് ഈ മാസം അഞ്ചിനാണ്. നിലവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടക്കുന്നുണ്ട്.

നേരത്തേ, വന്‍ നികുതി വെട്ടിപ്പ് നടത്തി പിടിയിലായ ഹൈറിച്ച് കമ്പനിയ്‌ക്കെതിരെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസുമെടുത്തിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതില്‍ വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലും ഹൈറിച്ചിനെതിരെ കേസ് നിലവില്‍ ഉണ്ട്.

ഹൈറിച്ചിന്റെ ഉടമസ്ഥതയിലുള്ള എച്ച്ആര്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശയും, 500 ശതമാനം വാര്‍ഷിക ലാഭവുമായിരുന്നു വാഗ്ദാനം. കൂടാതെ മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താല്‍ 30 മുതല്‍ മൂന്ന് ശതമാനം വരെ അധിക ലാഭവും വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ വിശ്വസിച്ച് പണം നിക്ഷേപിച്ചു കബളിപ്പിക്കപ്പെട്ട എറണാകുളം സ്വദേശി മനു നല്‍കിയ പരാതിയിലായിരുന്നു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

2022 ജൂലൈ 15-ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. 2023ല്‍ തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ കോഴിക്കോട് വടകര സ്വദേശി നല്‍കിയ പരാതിയില്‍ ആദ്യം കേസ് എടുക്കാന്‍ തയാറായില്ല. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ലെന്നും ബഡ്‌സ് ആക്ട് പ്രകാരം കേസ് എടുത്ത് നടപടി തുടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. പോലീസ് കേസ് എടുക്കാത്തതിനാല്‍ പരാതി കാരനായ വല്‍സന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ സെപ്ടംബറില്‍ കേസ് എടുത്തത്.

തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ ലൈന്‍ ഷോപ്പി എന്ന സ്ഥാപനം 703 കോടി രൂപയുടെ വരുമാനം കുറച്ചു കാണിച്ചെന്നായിരുന്നു GST വകുപ്പിന്റെ കണ്ടെത്തല്‍. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. 15 ശതമാനം പിഴ ഉള്‍പ്പെടെ 126.54 കോടി രൂപയാണ് സ്ഥാപനം സര്‍ക്കാരിന് നികുതി വെട്ടിപ്പില്‍ പിഴ ചുമതിയ്. സംസ്ഥാന ജി എസ് ടി വിഭാഗം പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന തുകയിലെ നികുതി വെട്ടിപ്പായിരുന്നു ഇത്. എന്നാല്‍ ഇതില്‍ എത്രയോ മടങ്ങ് വലുതാണ് നിയമ വിരുദ്ധമായി സ്വീകരിച്ച നിക്ഷേപങ്ങള്‍ എന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.