1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2023

സ്വന്തം ലേഖകൻ: തുടര്‍ച്ചയായി രണ്ട് തവണ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് നഷ്ടപ്പെടുത്തുന്ന രോഗികളുടെ അപ്പോയിന്റ്മെന്റ് റദ്ദാക്കുന്ന നടപടി ആരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മറ്റ് അടിയന്തര രോഗികള്‍ക്ക് ഡോക്ടറെ കാണിന്നതിന് അപ്പോയിന്‍മെന്റ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പു സമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഈ പദ്ധതിയുടെ ആദ്യ ഘട്ടം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഈവിനിംഗ് ക്ലിനിക്കുകളില്‍ നടപ്പാക്കും. പിന്നീട് മറ്റ് ആശുപത്രികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റിന്റെ ക്വാളിറ്റി ഡെപ്യൂട്ടി ചീഫ് നാസര്‍ അല്‍ നഈമി പറഞ്ഞു. അല്‍ ശര്‍ഖ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

പുതിയ സംവിധാനം നടപ്പില്‍ വരുന്നതോടെ തുടര്‍ച്ചയായി രണ്ടുതവണ മെഡിക്കല്‍ അപ്പോയിന്‍മെന്റ് നഷ്ടപ്പെടുത്തുന്ന രോഗികളെ അപ്പോയിന്‍മെന്റ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും. ഇങ്ങനെ നീക്കം ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുതിയ റഫറലുമായി അപേക്ഷിച്ചാല്‍ മാത്രമേ വീണ്ടും ഡോക്ടറെ കാണുന്നതിനുള്ള സമയം അനുവദിച്ചു നല്‍കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടറെ കാണാനും ചികില്‍സ നേടാനുമായി അപ്പോയിന്‍മെന്റ് എടുത്തു ശേഷം പല തവണ അവസരം ലഭിച്ചിട്ടും രോഗികള്‍ ഹാജരാവാതിരിക്കുന്ന കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി രണ്ടു തവണ ഹാജരാവാത്തവരുടെ ഊഴം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഡോക്ടറെ കാണാന്‍ തീയതിയും സമയവും നല്‍കപ്പെട്ടവരില്‍ 40 ശതമാനത്തോളം പേര്‍ ഒന്നിലേറെ തവണ ഹാജരാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ അത്യാവശ്യക്കാര്‍ മാത്രമേ ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ക്ലിനിക്കുകളില്‍ അപ്പോയിന്‍മെന്റ് എടുക്കുകയുള്ളൂ എന്ന നിഗമനത്തിലാണ് അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.