1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2023

സ്വന്തം ലേഖകൻ: അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി (ശ്വസനേന്ദ്രിയങ്ങൾ) വൈറസ് വ്യാപകമാവുകയാണ്. എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് ആണത്. രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയിൽ മാത്രം ശേഖരിച്ച് സാമ്പിളുകളിൽ പതിനൊന്ന് ശതമാനം പോസിറ്റീവ് ആയിട്ടുണ്ടെന്നും മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാൾ 36 ശതമാനം അധികമാണ് ഇതെന്നും സി.ഡി.സി പറയുന്നു.

വൈറസ് ബാധിച്ചവയിൽ ഏറെപേരും രോ​ഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യപ്പെടുന്നില്ലെന്നും ആരോ​ഗ്യവിദ​ഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് വെല്ലുവിളി.

ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമാർന്നവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്. ന്യൂമോവിരിഡേ(Pneumoviridae) ​ഗണത്തിൽ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്.

പനി, ജലദോഷം, ചുമ, മൂക്കടപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത്. രണ്ടു മുതൽ അഞ്ചുദിവസത്തോളം നീണ്ടു നിൽക്കുന്ന ലക്ഷണങ്ങൾ തനിയെ മാറുകയാണ് പതിവ്. ചിലരിൽ സങ്കീർണമായി ബ്രോങ്കിയോലൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോിയ തുടങ്ങിയ ​ഗുരുതരാവസ്ഥയിലേക്ക് പോവുകയും ചെയ്യും. അത്തരം ഘട്ടങ്ങളിൽ വിദ​ഗ്ധ ചികിത്സ അനിവാര്യമാണ്.

മറ്റുള്ള റെസ്പിറേറ്ററി വൈറസുകൾക്ക് സമാനമായി അടുത്ത സമ്പർക്കത്തിലൂടെയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും രോ​ഗബാധയുള്ളവർ ഇടപെട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയുമൊക്കെ രോ​ഗം പകരാം.

കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതിനാൽ തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർ​ഗങ്ങൾ.

പനി, വേ​ദന തുടങ്ങി അതാത് രോ​ഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള മരുന്നുകളാണ് നൽകുക. ശ്വാസതടസ്സം കൂടുന്ന ഘട്ടങ്ങളിൽ ഇൻഹേലർ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ നൽകാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.