സ്വന്തം ലേഖകൻ: രണ്ട് സുപ്രധാന യൂണിയനുകള്‍ ഹോളിവുഡില്‍ പണിമുടക്കിയിരിക്കുകയാണ്. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് എന്നീ രണ്ട് സംഘടകളാണ് പണിമുടക്കുന്നത്.
പ്രമുഖ സ്റ്റുഡിയോകള്‍ ഇവരുമായി കരാറിലെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹോളിവുഡിലെ വമ്പന്‍ താരങ്ങളും എഴുത്തുകാരും ഈ ആഴ്ച്ച മുതല്‍ പണിമുടക്കും. എഴുത്തുകാരനും, അഭിനേതാക്കളും ഇല്ലെങ്കില്‍ സിനിമ മുന്നോട്ട് പോകില്ല. ഹോളിവുഡ് ഒന്നാകെ പൂട്ടിയെന്ന് പറയാം. 1960ന് ശേഷം രണ്ട് യൂണിയനുകളും ഒരുമിച്ച് പണിമുടക്കുന്നത് ആദ്യമാണ്. അതായത് ന്യൂ ഹോളിവുഡ് ഇറയില്‍ ഇത്തരമൊരു സംഭവം കേട്ടുകേള്‍വിയില്ലാത്തത് എന്ന് പറയാം.
1960ല്‍ നടനും, പിന്നീട് പ്രസിഡന്റുമായ റൊണാള്‍ഡ് റീഗനായിരുന്നു സമരത്തെ നയിച്ചത്. ഈ രണ്ട് സംഘടനകളിലുമായി 1.60 ലക്ഷം അംഗങ്ങളുണ്ട്. ലോകത്തെ തന്നെ വമ്പന്‍ താരങ്ങളാണ് സംഘടനയിലുള്ളത്. ഹോളിവുഡിനെ നയിക്കുന്നത് ഇവരാണ്. ടോം ക്രൂസ്, ആഞ്ചലീന ജോളി, ജോണി ഡെപ്പ് എന്നിവര്‍ സംഘടനയുടെ കാര്‍ഡ് മെമ്പര്‍മാരാണ്. ഇതിഹാസ താരം മെറില്‍ സ്ട്രിപ്പ്, ബെന്‍ സ്റ്റില്ലര്‍, കോളിന്‍ ഫെറല്‍ എന്നിവര്‍ പരസ്യമായി തന്നെ പണിമുടക്കിനെ പിന്തുണച്ചിരിക്കുകയാണ്.
രണ്ട് കാര്യങ്ങള്‍ക്കാണ് സൂപ്പര്‍ താരങ്ങള്‍ അടക്കം പണിമുടക്കിന്റെ ഭാഗമാകുന്നത്. ആദ്യത്തേത് പ്രതിഫല കാര്യമാണ്. രണ്ടാമത്തേത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബാധിക്കുന്നതാണ്. ഇത് സിനിമ നിര്‍മാണ കമ്പനികളും, സ്ട്രീമിംഗ് സര്‍വീസുകളും മുതലെടുക്കുന്നു എന്ന അഭിപ്രായമാണ് ഉള്ളത്. ന്യായമായ ലാഭ വിഹിതം ലഭിക്കണമെന്ന കാര്യത്തില്‍ ഇതുവരെ ഒരു ഒത്തുതീര്‍പ്പില്ലെത്താന്‍ യൂണിയനുകള്‍ക്ക് സാധിച്ചിട്ടില്ല. എഐയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കും നിര്‍മാണ കമ്പനികള്‍ തയ്യാറല്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഇവരുടെ സംഭാഷണങ്ങള്‍ വരെ സിനിമയിലും, ടിവി ഷോകളിലും ഉപയോഗിക്കുന്നുവെന്ന് യൂണിയനുകള്‍ പറയുന്നു. ഒപ്പം പല കരാറുകളിലും മതിയായ വേതനം അല്ല ലഭിക്കുന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.അതേസമയം പണിമുടക്കിന്റെ ഭാഗമായി വമ്പന്‍ താരങ്ങള്‍ തെരുവിലിറങ്ങുമെന്നാണ് പ്രമുഖ അഭിഭാഷകന്‍ ജൊനാഥന്‍ ഹാന്‍ഡല്‍ പറയുന്നത്. എന്നാല്‍ കോടികള്‍ വാങ്ങുന്ന താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിന് ഉള്ളതല്ല ഈ പണിമുടക്ക്.
കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ക്കുള്ളതാണെന്ന് യൂണിയനുകള്‍ പറയുന്നു. സൂപ്പര്‍ താരങ്ങള്‍ സാമ്പത്തിക നേട്ടത്തിനല്ല ഈ പണിമുടക്കിന്റെ ഭാഗമാകുന്നത്. സൂപ്പര്‍ താരങ്ങള്‍ അവരുടെ ഏജന്റുമാര്‍ വഴിയാണ് നിര്‍മാണ കമ്പനികളുമായി സംസാരിച്ച് കരാറുണ്ടാക്കാറുള്ളത്. പക്ഷേ ഇതൊക്കെ ആണെങ്കിലും അവരും പണിമുടക്കിന്റെ ഭാഗമാകും. ഇത് സമരത്തിന് ഗുണം ചെയ്യുമെന്നും യൂണിയനുകള്‍ വിശ്വസിക്കുന്നു.
തിരക്കഥാകൃത്തുകളുടെ സമരത്തെ തുടര്‍ന്ന് ഹോളിവുഡിലെ സിനിമാ നിര്‍മാണമൊക്കെ പ്രതിസന്ധിയിലാണ്. നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ തിരക്കഥകളുമായി ഷൂട്ടിംഗ് തുടരുന്നുവരുണ്ട്. എന്നാല്‍ എഴുത്തുകാര്‍ സെറ്റില്‍ വരില്ല. എന്നാല്‍ നടന്മാരില്ലാതെ ടിവി സീരിയലുകള്‍ മാത്രമാണ് സംപ്രേഷണം ചെയ്യാന്‍ സാധിക്കുക. സ്‌ക്രിപ്റ്റില്ലാതെ ഫോക്‌സ് ടിവി ചില സീരീസുകള്‍ പുറത്തിറക്കുന്നുണ്ട്.
അതേസമയം സിനിമ റിലീസുകളെ ഇത് ബാധിച്ചിട്ടില്ല. കാരണം വലിയ ഇടവേള എല്ലാ ചിത്രങ്ങള്‍ക്കും ഇടയിലുണ്ട്. എന്നാല്‍ സമരം നീണ്ടാല്‍ സിനിമ റിലീസുകളെയും അത് ബാധിക്കും. ഡിസ്‌നി നേരത്തെ മാര്‍വല്‍ സൂപ്പര്‍ ഹീറോ ചിത്രങ്ങളും റിലീസ് തിയതി തന്നെ മാറ്റിയിരുന്നു. സമരം ചിലപ്പോള്‍ മാസങ്ങള്‍ നീണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല