1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങൾക്കുള്ളിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വൻസിങ്ങിൽ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്ട്രെയിൻ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.

എന്നാൽ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കൽ രോഗം വന്ന് ഭേദമായ ആൾക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തിൽ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരത്തിൽ ഒരു സംഭവം അപൂർവമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹോങ്കോങ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം ആദ്യം രോഗബാധതനായിരുന്നപ്പോൾ ഇയാൾ 14 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. തുടർന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാൾ സ്പെയിനിൽ നിന്നു തിരികെ എത്തവേ വിമാനത്താവളത്തിൽ സക്രീനിങ്ങിനിടെ നടന്ന സലൈവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

23 മില്യൻ കൊവിഡ് ബാധിതരാണ് ലോകത്തുള്ളത്. ഒരിക്കൽ കൊറോണ വൈറസ് ബാധ ഉണ്ടായ ആളുകളിൽ വൈറസിനെതിരെയുള്ള പ്രതിരോധം രൂപപ്പെടുകയും ഇത് വീണ്ടും രോഗം വരുന്നത് തടയുകയും ചെയ്യും. ഏറ്റവും മോശമായി രോഗം ബാധിച്ചവരിലാണ് ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുക. എന്നാൽ എത്രത്തോളം ശക്തമാണ് ഈ രോഗപ്രതിരോധ ശേഷിയെന്നും എത്ര കാലത്തോളം ഇത് നിലനിൽക്കുമെന്നും വ്യക്തമല്ല. രോഗം വന്ന് ഭേദമായവരിൽ കൂടുതൽ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇതിൽ വ്യക്തമായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്നതിന് വളരെ അപൂർവമായ ഒരു ഉദാഹരണമാണ് ഈ കേസെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ മൈക്രോബിയൽ പാത്തോജെനിസിസ് പ്രൊഫസർ ബ്രൻഡൻ റെൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് കൊവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കരുത്. കാലക്രമത്തിൽ വൈറസിന് സ്വഭാവിക പരിവർത്തനം ഉണ്ടാകുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.