സ്വന്തം ലേഖകന്‍: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍. കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തിങ്കളാഴ്ച വൈകീട്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ രണ്ടു പേരാണ് തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ അറസ്റ്റിലായത്. ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ് (23), റിയാസ് മന്‍സിലില്‍ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്‌ഐ ഇടമണ്‍ 34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാല്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു. ഇഷാന്‍ എന്നയാളാണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ കെവിന്റെ മൃതദേഹം തെന്മലയിലെ നീര്‍ച്ചാലില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയത്ത് ഒരുമിച്ചു പഠിക്കുന്ന വേളയില്‍ തുടങ്ങിയ പ്രണയമാണ് ദുരന്തത്തില്‍ അവസാനിച്ചത്. കോട്ടയത്തെ പഠനകാലത്ത് തുടങ്ങിയ പ്രണയം മൂന്ന് വര്‍ഷം നീണ്ടു. ഒരേ സമുദായക്കാരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രണയം വീട്ടുകാരും അംഗീകരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍, കെവിന്റെ വീട്ടുകാര്‍ അംഗീകരിച്ചെങ്കിലും യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇവര്‍ മറ്റൊരു വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചതോടെ യുവതി കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് വീഴ്ച്ചയുണ്ടെന്ന ആരോപണം ശക്തമാണ്. നീനുവിന്റെ പരാതി അവഗണിക്കുകയാണ് കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ ചെയ്തത്. എസ്‌ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. പ്രതികളില്‍നിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല