സ്വന്തം ലേഖകന്‍: പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു; ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കുടുംബം. ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമാതിയായ ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് അദ്ദേഹത്തിന്റെ കുടുംബം. പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ബഹുമതി സ്വീകരിക്കാന്‍ തയാറാണെന്ന് ഹസാരികയുടെ മകന്‍ തേജ് ഹസാരിക അറിയിച്ചു.
നേരത്തെ, അസം പൗരത്വ ബില്‍ വിഷയത്തിലെ കേന്ദ്ര നിലപാടിലുള്ള പ്രതിഷേധ സൂചകമായാണ് ബഹുമതി നിരസിക്കാന്‍ ഹസാരികയുടെ കുടുംബം തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് വ്യാപകമായി അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് ബഹുമതി സ്വീകരിക്കുമെന്ന് ഹസാരികയുടെ മകന്‍ അറിയിച്ചത്.
ഹസാരിക ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇത്തവണ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചത്. ഹസാരികയ്ക്കു പുറമേ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന നാനാജി ദേശ് മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയിരുന്നത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നു മറ്റൊരു ഭാരതരത്‌ന ജേതാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല