1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2021

സ്വന്തം ലേഖകൻ: പാം ജുമൈരയിലെ ഹോട്ടൽ ജീവനക്കാർക്ക് ദുബായ് ടൂറിസം വകുപ്പ് പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് 20-ഓളം ആഡംബര ഹോട്ടലിലെ ജീവനക്കാർക്കാണ് വകുപ്പ് കാമ്പയിൻ ഒരുക്കുന്നത്. കൊവിഡ് പ്രതിരോധമൊരുക്കി ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്.

2020 ജൂലായ് മുതൽ നഗരം അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിനായി തുറന്നു കൊടുത്തതു മുതൽ ദുബായിലെ ഹോട്ടലുകൾ കർശന ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ട്. ആഗോള തലത്തിൽ അറിയപ്പെടുന്ന ആഡംബര റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും വൻനിരയാണ് പാം ജുമൈരയിലുള്ളത്.

നിലവിൽ ചില പ്രമുഖ ഹോട്ടലുകളിലെ 10,000-ത്തിലേറെ ജീവനക്കാർക്ക് വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. പ്രതിരോധ കുത്തിവെപ്പെടുത്ത് സുരക്ഷിത നഗരമാക്കിയെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. മുൻപന്തിയിലുണ്ട്. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ എല്ലാ ആരോഗ്യ കൊവിഡ് മാനദണ്ഡങ്ങളും നടപ്പാക്കിയതാണ് ഹോട്ടലുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾ എന്നിവ പ്രവർത്തിക്കുന്നത്.

കൊവിഡ് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി അധികൃതർ നടപ്പാക്കിയ ദുബായ് അഷ്വേഡ് സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. പൊതുയിടങ്ങളിലും മാളുകളിലും പരിശോധന നടത്തി ദുബായ് അഷ്വേഡ് മുദ്ര പതിപ്പിക്കുന്ന നടപടി ഇപ്പോഴും പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ബോധ്യമാകുന്ന സ്ഥാപനങ്ങൾക്കാണ് അധികൃതർ അഷ്വേഡ് മുദ്ര നൽകുക.

ഇതിനകം വൻകിട ഹോട്ടലുകൾക്ക് പുറമെ നിരവധി കടകളും കമ്പനികളുമെല്ലാം ഇതിന്റെ ഭാഗമായി കഴിഞ്ഞു. സൗജന്യമായാണ് ഇത് നടപ്പാക്കുന്നത്. ദുബായിലെ 90 ശതമാനം ഹോട്ടലുകളും പദ്ധതിയുടെ ഭാഗമായി പരിശോധന പൂർത്തിയാക്കി അഷ്വേഡ് മുദ്ര നേടി വിനോദ സഞ്ചാര മേഖലയുടെ വീണ്ടെടുപ്പിന് ഒരുങ്ങുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.