
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്വകാര്യ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് യുഎഇ. സ്‌പോര്‍ട്‌സ് എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകളുടെ ഉടമകള്‍, പരിശീലകര്‍ എന്നിവരുടെ എല്ലാവിധ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും നിലവില്‍ താത്കാലികമായി നിര്‍ത്തുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് നാവിക- വ്യോമ ഡ്രോണ്‍ പറത്തലില്‍ ഉള്‍പ്പെടുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിച്ചും ആപേക്ഷിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും ഇത് നടപ്പാക്കിയതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.
മറ്റു ചില ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഡ്രോണുകള്‍ പറത്താന്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ഡ്രോണുകളുടെ പരിശീലനം പരിമിതപ്പെടുത്തുകയും ഇവയുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തതിനാലാണ് നടപടി.
അതേസമയം, ഡ്രോണുകളുടെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളോ വാണിജ്യ പ്രവര്‍ത്തനങ്ങളോ തുടരുന്നതില്‍ വിലക്കില്ല. ഇതിന് ആവശ്യമായ അനുമതി വാങ്ങിയിരിക്കണം. ഒപ്പം, കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. തൊഴില്‍, വ്യവസായം, പരസ്യം തുടങ്ങിയ ചിത്രീകരണങ്ങള്‍ക്കാണ് മുന്‍കൂട്ടി പെര്‍മിറ്റ് എടുത്ത് ഡ്രോണുകള്‍ ഉപയോഗിക്കാനാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല